ഉന്നാവോ പെണ്‍കുട്ടിയുടെ അപകടത്തില്‍ ദുരൂഹത; പിന്നില്‍ ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: ഉന്നാവോയില്‍ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് പ്രതിയായ ബലാല്‍സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹത. കാറില്‍ ഇടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റ് അടിച്ച നിലയിലായിരുന്നു. പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ഇവര്‍ക്ക് അപകടം നടന്ന ദിവസം സുരക്ഷ നല്‍കിയിരുന്നില്ല. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു.
പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ റായ്ബറേലി-ഫതേപുര്‍ റോഡിലായിരുന്നു അപകടമുണ്ടായത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം നേരത്തേ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ ഗൂഢാലോചന നടന്നതായി പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നാണ് പോലീസ് അറിയിച്ചത്. കുടുംബത്തിന് സുരക്ഷ നല്‍കിയിരുന്നു. അപകടം നടന്ന ദിവസം കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു. 2017 ജൂണിലാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായത്. ജോലി അഭ്യര്‍ത്ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ തന്നെ എംഎല്‍എ ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു പരാതി.
സംഭവത്തില്‍ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് ഒരു വര്‍ഷത്തോളെ ജയിലില്‍ കിടന്നിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ പെണ്‍കുട്ടിയുടെ അച്ഛന് നടത്തിയ ആത്മഹത്യാ ശ്രമത്തോടെയാണ് കേസ് ദേശീയ ശ്രദ്ധയിലെത്തിയത്. പിന്നീട് പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.