ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതികള് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതികള് പ്രഖ്യാപിച്ചു. ഡിസംബര് 9, 14 തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല് 18-ാം തിയതി നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് അചല് കുമാര് ജ്യോതിയാണ് തിയതികള് പ്രഖ്യാപിച്ചത്. ഹിമാചല്പ്രദേശിലെ തെരഞ്ഞെടുപ്പ് തിയതികള് പ്രഖ്യാപിച്ചതിനൊപ്പം ഗുജറാത്തിലെ തിയതികള് കൂടി പ്രഖ്യാപിക്കാത്തതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം നടത്തിയ ഗുജറാത്ത് സന്ദര്‍ശനത്തിനു വേണ്ടിയാണ് പ്രഖ്യാപനം കമ്മീഷന്‍ വൈകിപ്പിച്ചതെന്നായിരുന്നു വിമര്‍ശനം. കമ്മീഷനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ലെന്നായിരുന്നു ഗുജറാത്തിലെത്തിയ മോഡി പറഞ്ഞത്.
സംസ്ഥാനത്ത് ബിജെപി തന്നെ ഭരണം നിലനിര്‍ത്തുമെന്നാണ് ഇന്ത്യാ ടുഡേ അഭിപ്രായ സര്‍വേ ഫലം പറയുന്നത്. 115 മുതല്‍ 125 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നും കോണ്‍ഗ്രസിന് 57 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പറയുന്നു.