തിരുവനന്തപുരം വിമാനത്താവളം വിട്ടു നല്‍കുന്നതില്‍ എതിര്‍പ്പ്; പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്.
 | 
തിരുവനന്തപുരം വിമാനത്താവളം വിട്ടു നല്‍കുന്നതില്‍ എതിര്‍പ്പ്; പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 10 മണിയോട പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്റെ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള നീക്കത്തില്‍ മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചു.

വിമാനത്താവള വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനിടെയാണ് സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാവിഷ്‌കരിക്കുന്നതെന്ന് നിവേദനത്തില്‍ വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസത്തിനായി സംസ്ഥാനം ആവശ്യപ്പെട്ട ധനസഹായം കേന്ദ്രം നല്‍കിയിട്ടില്ല. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനും പ്രളയബാധിതരുടെ പുനരധിവാസത്തിനും കേന്ദ്രസഹായം ആവശ്യമാണ്. സംസ്ഥാനം വീണ്ടും മഴക്കെടുതിയെ നേരിടുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേശീയപാതാ വികസനത്തിനുള്ള മുന്‍ഗണനാ പട്ടികയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയ കാര്യവും മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രധാനമന്ത്രിയായി രണ്ടാം തവണ അധികാരമേറ്റ ശേഷം ആദ്യമായാണ് പിണറായി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.