മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നാളെ മെഡിക്കല്‍ ബന്ദ്
ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രാലയം അവതരിപ്പിക്കുന്ന മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ ശക്തമായ പ്രതിഷേധം. ബില്‍ അവതരിപ്പിക്കുന്ന ചൊവ്വാഴ്ച ഡോക്ടര്‍മാര്‍ ദേശീയ തലത്തില്‍ മെഡിക്കല്‍ ബന്ദ് ആചരിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പണിമുടക്ക്.
അത്യാഹിത വിഭാഗത്തിലെ സേവനങ്ങള്‍ മുടക്കാതെയായിരിക്കും പണിമുടക്ക. ഒപിയും വാര്‍ഡുകളിലെ പരിശോധനകളും ബഹിഷ്കരിക്കുമെന്ന് ഐഎംഎ അറിയിച്ചു. തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ രാജ്ഭവന് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ബ്രിഡ്ജ് കോഴ്സുകള്‍ നടത്തി മുറിവൈദ്യന്മാരെ സൃഷ്ടിക്കുകയും അനര്‍ഹരായവരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമാക്കാനുമുള്ള ശ്രമമാണ് ഈ ബില്ലിലൂടെ നടക്കുന്നതെന്നും സംഘടന വ്യക്തമാക്കി.
ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ക്ക് വേണ്ടി ബ്രിഡ്ജ് കോഴ്സുകള്‍ നടത്താനാണ് മെഡിക്കല്‍ കമ്മീഷന് ബില്‍ വിഭാവനം ചെയ്യുന്നത്. ഇത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ ബില്‍ അനുവാദം നല്കുന്നു. ഒരു പരിധി വരെ ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാനും ചികിത്സകള്‍ നടത്താനുമാണ് അനുമതി. ഇത് വ്യാജവൈദ്യന്മാരെ സൃഷ്ടിക്കലാണെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.