വര്‍ഗ്ഗീയവാദിക്ക് മറുപടി നല്‍കിയ സൊമാറ്റോക്കെതിരെ വിദ്വേഷ പ്രചാരണം; ആപ്പിന്റെ റേറ്റിംഗ് കുറയ്ക്കാന്‍ ക്യാംപെയിന്‍

അഹിന്ദുവായ ആളെ ഡെലിവറിക്ക് നിയോഗിച്ചതിന് ഓര്ഡര് ക്യാന്സല് ചെയ്ത വര്ഗ്ഗീയവാദിക്ക് മറുപടി കൊടുത്ത സൊമാറ്റോയ്ക്കെതിരെ വിദ്വേഷ ക്യാംപെയിന്
 | 
വര്‍ഗ്ഗീയവാദിക്ക് മറുപടി നല്‍കിയ സൊമാറ്റോക്കെതിരെ വിദ്വേഷ പ്രചാരണം; ആപ്പിന്റെ റേറ്റിംഗ് കുറയ്ക്കാന്‍ ക്യാംപെയിന്‍

ന്യൂഡല്‍ഹി: അഹിന്ദുവായ ആളെ ഡെലിവറിക്ക് നിയോഗിച്ചതിന് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത വര്‍ഗ്ഗീയവാദിക്ക് മറുപടി കൊടുത്ത സൊമാറ്റോയ്‌ക്കെതിരെ വിദ്വേഷ ക്യാംപെയിന്‍. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ സിംഗിള്‍ സ്റ്റാര്‍ റേറ്റിംഗ് നടത്താനുള്ള ക്യാംപെയിനും ആപ്പ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യണമെന്നുള്ള സോഷ്യല്‍ മീഡിയ ആഹ്വാനവുമാണ് നടക്കുന്നത്. ഓര്‍ഡര്‍ റദ്ദാക്കിയെന്ന് ട്വീറ്റ് ചെയ്ത അമിത് ശുക്ലയ്ക്ക് പിന്തുണയുമായി അമിത്തിനൊപ്പം എന്ന ഹാഷ്ടാഗ് ക്യാംപെയിനും നടക്കുകയാണ്.

ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണം തന്നെയാണ് മതമെന്നുമായിരുന്നു അമിത് ശുക്ലയ്ക്ക് സൊമാറ്റോ നല്‍കിയ മറുപടി. ഇതിന് പിന്നാലെ ഹലാല്‍ ഭക്ഷണം ആവശ്യപ്പെടുന്നവര്‍ക്ക് അത് നല്‍കാറുണ്ടല്ലോ, പിന്നെ ഭക്ഷണത്തിന് മതമില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി വലതുപക്ഷ നിലപാടുള്ള ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ രംഗത്തെത്തിയിരുന്നു. റെസ്റ്റോറന്റുകള്‍ ആവശ്യപ്പെടുന്നതിനാലാണ് ഹലാല്‍ ടാഗ് എന്ന് സൊമാറ്റോ വിശദീകരണവും നല്‍കി.

ഇത്തരത്തില്‍ വിവരം നല്‍കുന്നതിലൂടെ ഭക്ഷണം തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് കൂടുതല്‍ സൗകര്യമാണ് നല്‍കുന്നതെന്നും സൊമാറ്റോ വ്യക്തമാക്കി. വിദ്വേഷ പ്രചാരണം ശക്തമായതോടെ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും സൊമാറ്റോയ്‌ക്കെതിരെ റേറ്റിംഗ് കുറയ്ക്കല്‍ ക്യാംപെയിന്‍ നടക്കുകയാണ്.