ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 100 ആയി

ബിഹാറിലെ മുസാഫര്പൂരില് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 100 ആയി.
 | 
ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 100 ആയി

പാട്‌ന: ബിഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. മുന്നൂറോളം കുട്ടികള്‍ ഈ രോഗവുമായി ആശുപത്രികളില്‍ തീവ്ര പരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 83 കുട്ടികള്‍ മരിച്ചു. കെജ്രിവാള്‍ ആശുപത്രിയില്‍ 17 കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി. അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം എന്ന രോഗമാണ് കുട്ടികള്‍ക്ക് ബാധിച്ചിരുന്നത്. ഇതിന് അനുബന്ധമായി ഉണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് കുട്ടികളുടെ മരണത്തിന് കാരണമായത്.

മണ്‍സൂണ്‍ എത്തിയാല്‍ മാത്രമേ രോഗത്തിന് ശമനമുണ്ടാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ഞായറാഴ്ച മുസാഫര്‍പൂര്‍ സന്ദര്‍ശിച്ചിരുന്നു. പകര്‍ച്ചവ്യാധി സംബന്ധിച്ച് മന്ത്രി ചര്‍ച്ചകള്‍ നടത്തി. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക സഹായമായി 4 ലക്ഷം രൂപ വീതം നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

ഉഷ്ണതരംഗം മൂലവും സംസ്ഥാനത്ത് മരണങ്ങള്‍ ഏറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച കടുത്ത ചൂടില്‍ 40 പേരാണ് ബിഹാറില്‍ കൊല്ലപ്പെട്ടത്. ഔറംഗാബാദില്‍ മാത്രം 27 പേര്‍ മരിച്ചു.