പതിനൊന്ന് അക്ക മൊബൈല്‍ നമ്പറുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും! പ്രതീക്ഷിച്ചതിലും നേരത്തേയെന്ന് സൂചന

ഇന്ത്യയില് പതിനൊന്ന് അക്ക മൊബൈല് നമ്പറുകള് ഉടന് നിലവില് വരുമെന്ന് സൂചന.
 | 
പതിനൊന്ന് അക്ക മൊബൈല്‍ നമ്പറുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും! പ്രതീക്ഷിച്ചതിലും നേരത്തേയെന്ന് സൂചന

മുംബൈ: ഇന്ത്യയില്‍ പതിനൊന്ന് അക്ക മൊബൈല്‍ നമ്പറുകള്‍ ഉടന്‍ നിലവില്‍ വരുമെന്ന് സൂചന. നിലവിലുള്ള 10 അക്ക നമ്പറുകള്‍ക്ക് പുറമേ 11 അക്കങ്ങളുള്ള ഫോണ്‍ നമ്പറുകള്‍ നടപ്പിലാക്കുന്ന കാര്യം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉടന്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി. പുതിയ പദ്ധതിയനുസരിച്ച് ഫിക്‌സഡ് ലൈന്‍ നമ്പറുകള്‍ നിലവിലുള്ള എട്ടക്കത്തില്‍ നിന്ന് പത്ത് അക്കമായി മാറും.

ഉപഭോക്താക്കളുടെ എണ്ണത്തിന് അനുസരിച്ച് നമ്പറുകള്‍ അനുവദിക്കുന്നതിനായി ട്രായ് പരിഗണിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും സാധ്യത പതിനൊന്ന് അക്ക നമ്പറുകള്‍ നല്‍കുന്നതിന് ആയിരിക്കുമെന്നാണ് വിവരം. പ്രതീക്ഷിച്ചതിലും നേരത്തേയാണ് ട്രായ് ഈ നടപടിക്ക് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 9, 8, 7, 6 തുടങ്ങിയ നമ്പറുകളില്‍ തുടങ്ങുന്ന മൊബൈല്‍ നമ്പറുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഈ നമ്പറുകള്‍ക്ക് 210 കോടി കണക്ഷനുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇതൊരു വലിയ സംഖ്യയായി തോന്നാമെങ്കിലും ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറാന്‍ ഇത് മതിയാവില്ല.

2050 ഓടെ രാജ്യത്തെ മൊബൈല്‍ കണക്ഷനുകള്‍ക്ക് നല്‍കാനായി 260 കോടി നമ്പറുകള്‍ കൂടി ആവശ്യമായി വരുമെന്നാണ് കണക്ക്. 1993ലും 2003ലുമാണ് ഇതിന് മുമ്പ് നമ്പറിംഗ് പ്ലാനുകളില്‍ മാറ്റം വരുത്തിയിട്ടുള്ളത്. 2003ലെ മാറ്റത്തിലൂടെ 450 ദശലക്ഷം മൊബൈല്‍ നമ്പറുകളും 300 ദശലക്ഷം ലാന്‍ഡ്‌ലൈന്‍ നമ്പറുകളുമാണ് അനുവദിച്ചത്.