പന്തെടുക്കാന്‍ മതില്‍ ചാടിയ 17കാരനെ വ്യവസായിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ചു
ലക്‌നൗ: പന്തെടുക്കാന്‍ വ്യവസായിയുടെ ആഡംബര വീടിന്റെ മതില്‍ ചാടിയ 17കാരനെ സ്വകാര്യ സുരക്ഷാ ജീവനക്കാരന്‍ വെടിവെച്ചു. അരവിന്ദ് കുമാര്‍ എന്ന കൗമാരക്കാരനെയാണ് ജീവനക്കാരന്‍ വെടിവെച്ചു വീഴ്ത്തിയത്. വെടിയേറ്റ അരവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിആര്‍ഡി മെഡിക്കല് കോളജിലെ വിദഗദ്ധരായ ഡോക്ടര്മാരുടെ സംഘമാണ് അരവിന്ദിനെ പരിശോധിക്കുന്നത്. വ്യവസായിയായ ചന്ദ്രപ്രകാശ് അഗര്‍വാളിന്റെ വീടിന്റെ മതിലിന് മുകളില്‍ വെച്ചാണ് അരവിന്ദിനെ സുരക്ഷാ ജീവനക്കാരന്‍ വെടിവെക്കുന്നത്. വെടിവെക്കേണ്ടതായ യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും യാതൊരു മുന്നറിയിപ്പും കൂടാതെയാണ് അരവിന്ദിനെ വെടിവെച്ചതെന്നും പിതാവ് പറഞ്ഞു.
സുരക്ഷാച്ചുമതലയുള്ള സുമിത് സിംഗ് എന്നയാളാണ് ബാലനെ വെടിവെച്ചിട്ടത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്നാണ് സൂചന. അതേസമയം വീട്ടുടമസ്ഥനായ ചന്ദ്രപ്രകാശ് അഗര്‍വാള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. വീടിന്റെ സുരക്ഷയുടെ പേര് പറഞ്ഞ് മനഃപൂര്‍വ്വമാണ് അരവിന്ദിനെ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ ചൂണ്ടിക്കാണിക്കുന്നു.