കെട്ടിപ്പിടിച്ചതിന് സ്വവര്‍ഗ്ഗ പ്രണയിനികളെ ചെന്നൈയിലെ ഹോട്ടലില്‍ നിന്ന് അര്‍ദ്ധരാത്രി പുറത്താക്കി

കെട്ടിപ്പിടിക്കുകയും പരസ്പരം കൈകള് കോര്ത്ത് ഡാന്സ് ചെയ്യുകയും ചെയ്ത സ്വവര്ഗ്ഗ പ്രണയിനികളെ അര്ദ്ധരാത്രി പുറത്താക്കി ചെന്നൈയിലെ ഹോട്ടല്.
 | 
കെട്ടിപ്പിടിച്ചതിന് സ്വവര്‍ഗ്ഗ പ്രണയിനികളെ ചെന്നൈയിലെ ഹോട്ടലില്‍ നിന്ന് അര്‍ദ്ധരാത്രി പുറത്താക്കി

ചെന്നൈ: കെട്ടിപ്പിടിക്കുകയും പരസ്പരം കൈകള്‍ കോര്‍ത്ത് ഡാന്‍സ് ചെയ്യുകയും ചെയ്ത സ്വവര്‍ഗ്ഗ പ്രണയിനികളെ അര്‍ദ്ധരാത്രി പുറത്താക്കി ചെന്നൈയിലെ ഹോട്ടല്‍. രസിക ഗോപാലകൃഷ്ണന്‍, ശിവാംഗി സിങ് എന്നിവരാണ് ശനിയാഴ്ച അര്‍ദ്ധരാത്രി നേരിടേണ്ടി വന്ന ദുരവസ്ഥ വിവരിച്ച് രംഗത്തെത്തിയിരിക്കുന്നത്. യുവതികള്‍ അപമര്യാദയായി പെരുമാറിയെന്നാണ് ഹോട്ടല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. മറ്റുള്ളവര്‍ക്കൊപ്പം തങ്ങളും ഡാന്‍സ് ചെയ്യുക മാത്രമേ ചെയ്തുള്ളുവെന്ന് യുവതികളും വ്യക്തമാക്കിയെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതുസ്ഥലമാണെന്ന ധാരണയില്‍ തന്നെയായിരുന്നു തങ്ങള്‍ പെരുമാറിയത്. എന്നാല്‍ ജനങ്ങളുടെ സ്വവര്‍ഗ്ഗ ഭീതിയാണ് തങ്ങളെ പുറത്താക്കാന്‍ കാരണമെന്ന് ഇവര്‍ ആരോപിക്കുന്നു. ദി സ്ലേറ്റ് ഹോട്ടല്‍സിലെ ബാറില്‍ ശനിയാഴ്ച രാത്രിയാണ് എത്തിയതെന്ന് സോഷ്യല്‍ മീഡിയയില്‍ രസിക കുറിച്ചു. ഞങ്ങള്‍ നൃത്തം ചെയ്യുമ്പോള്‍ ബാറില്‍ അഞ്ചോളം പുരുഷന്‍മാര്‍ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഒരേ ലിംഗത്തിലുള്ള രണ്ട് പേര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നത് ദഹിക്കാന്‍ എന്താണ് ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടെന്ന് രസിക ചോദിക്കുന്നു.

ഇവര്‍ വാഷ്‌റൂമിലേക്ക് പോയപ്പോഴാണ് യഥാര്‍ത്ഥ പ്രശ്‌നം ആരംഭിച്ചത്. നിമിഷങ്ങള്‍ക്കകം വാഷ്‌റൂമിന്റെ വാതിലില്‍ ചിലര്‍ ശക്തമായി മുട്ടി. ഉടന്‍ പുറത്തിറങ്ങണമെന്നായിരുന്നു ആവശ്യം. വാതില്‍ തുറന്നപ്പോള്‍ ഒരു സ്ത്രീയടക്കം മൂന്ന് ബൗണ്‍സര്‍മാരെയാണ് കണ്ടത്. നിങ്ങളെന്ത് ചെയ്യുകയാണെന്ന് ഒരാള്‍ ചോദിച്ചു. അസ്വസ്ഥത തോന്നിയ സുഹൃത്തിനെ വാഷ്‌റൂമില്‍ എത്തിച്ചതാണെന്ന് മറുപടി പറഞ്ഞപ്പോള്‍ അതോ മറ്റെന്തെങ്കിലും ചെയ്യുകയാണോ എന്നായിരുന്നു അടുത്ത ചോദ്യം.

്മറ്റ് അതിഥികളില്‍ നിന്ന് നിങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം ഹോട്ടലില്‍ നിന്ന് പുറത്തു പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും രസിക വ്യക്തമാക്കി. അര്‍ദ്ധരാത്രി പുറത്താക്കിയതിന് പിന്നാലെ ഒരു ഹോട്ടല്‍ ജീവനക്കാരന്‍ തങ്ങളെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് ശിവാംഗി പറഞ്ഞു. യുവതികളുടെ പെരുമാറ്റത്തില്‍ മറ്റ് അതിഥികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കിയതെന്നാണ് ഹോട്ടല്‍ അധികൃതര്‍ വിശദീകരിക്കുന്നത്. ബൗണ്‍സര്‍മാര്‍ വാഷ്‌റൂമില്‍ പ്രവേശിച്ചുവെന്ന ആരോപണവും ഹോട്ടല്‍ നിഷേധിച്ചു.