മഴയ്ക്കായി വിവാഹം കഴിപ്പിച്ചു; പേമാരി പെയ്തപ്പോള്‍ ഭോപ്പാലില്‍ തവളകള്‍ക്ക് ഡൈവോഴ്‌സ്

മഴ പെയ്യുന്നതിനായി വിവാഹം കഴിപ്പിച്ച തവളകള്ക്ക് മഴ തോരാതായപ്പോള് നിര്ബന്ധിത ഡൈവോഴ്സ്.
 | 
മഴയ്ക്കായി വിവാഹം കഴിപ്പിച്ചു; പേമാരി പെയ്തപ്പോള്‍ ഭോപ്പാലില്‍ തവളകള്‍ക്ക് ഡൈവോഴ്‌സ്

ഭോപ്പാല്‍: മഴ പെയ്യുന്നതിനായി വിവാഹം കഴിപ്പിച്ച തവളകള്‍ക്ക് മഴ തോരാതായപ്പോള്‍ നിര്‍ബന്ധിത ഡൈവോഴ്‌സ്. ഭോപ്പാലിലാണ് ഗ്രാമവാസികള്‍ തവളകളുടെ വിവാഹമോചനം നടത്തിയത്. കനത്ത വേനലില്‍ മഴ ദൈവങ്ങളുടെ പ്രീതിക്കെന്ന പേരിലാണ് തവളക്കല്യാണം നടത്തിയത്. ഇത് മാധ്യമങ്ങളില്‍ വന്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഭോപ്പാലില്‍ ഇപ്പോള്‍ മഴ നിലയ്ക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശ് തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റെക്കോര്‍ഡ് മഴയാണത്രേ രേഖപ്പെടുത്തിയത്. നര്‍മ്മദ നദിയില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയരുകയും അണക്കെട്ടുകളില്‍ ഷട്ടറുകള്‍ തുറക്കുകയും ചെയ്തു. ഇതോടെയാണ് തവള ‘ശാസ്ത്രജ്ഞന്‍മാര്‍ക്ക്’ തങ്ങള്‍ നടത്തിയ കല്യാണത്തെക്കുറിച്ച് ഓര്‍മ്മ വന്നത്.

തവളകളെ വിവാഹം കഴിപ്പി്ച്ചതാണ് പേമാരിക്ക് കാരണമായതെന്ന അന്തിമ നിഗമനത്തിലെത്തിയ ഇവര്‍ ഇപ്പോള്‍ അവയുടെ വിവാഹമോചനം നടത്തിയിരിക്കുകയാണെന്ന് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഡൈവോഴ്‌സ് ചെയ്താല്‍ മഴമാറി വരള്‍ച്ചയുണ്ടാകുമോ എന്ന് ഒരു വിഭാഗം ആശങ്ക രേഖപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.