സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്; 22 പ്രതികളെയും വെറുതെവിട്ടു
മുംബൈ: സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല് കേസില് 22 പ്രതികളെയും വെറുതെവിട്ടു. പ്രത്യേക സിബിഐ കോടതിയാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം കോടതി തള്ളി. മൂന്നു വട്ടം അന്വേഷിച്ചിട്ടും തെളിവുകള് കണ്ടെത്താന് സിബിഐക്ക് സാധിച്ചില്ല. പ്രോസിക്യൂഷന് ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു.
കേസില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ 16 പേരെ കോടതി നേരത്തേ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയിരുന്നു. സാക്ഷികളില്‍ ഭൂരിപക്ഷം പേരും വിചാരണക്കിടെ പ്രതിഭാഗത്തേക്ക് കൂറുമാറുകയും ചെയ്തു. സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും സുഹൃത്ത് തുളസിറാം പ്രജാപതിയെയും ഗുജറാത്തിന്റെയും രാജസ്ഥാന്റെയും ആന്ധ്രാപ്രദേശിന്റെയും പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നായിരുന്നു കേസ്.
2005ലാണ് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള യാത്രാമധ്യേ സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ സായുധരായ പോലീസ് സംഘം പിടിച്ചുകൊണ്ടു പോയത്. പിന്നീട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നു. ദൃക്‌സാക്ഷികളായ കൗസര്‍ബിയും പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടു. ഗുജറാത്ത് സി.ഐ.ഡി. അന്വേഷിച്ചിരുന്ന കേസ് 2012-ലാണ് സി.ബി.ഐ. ഏറ്റെടുത്തത്.