വിരമിച്ചപ്പോള്‍ കിട്ടിയ പണത്തിന്റെ വിഹിതം നല്‍കിയില്ല; 22കാരന് പിതാവിനെ തല്ലിക്കൊന്നു
തെലങ്കാന: രണ്ട് ലക്ഷം രൂപയ്ക്ക് വേണ്ടി 22കാരന് പിതാവിനെ തല്ലിക്കൊന്നു. തെലങ്കാനയിലെ രജകൊണ്ടയിലാണ് സംഭവം. സര്‍വ്വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച തുക മുഴുവനായും മക്കളായ തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കൃഷ്ണയെ മകന് തരുണ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ തുക നല്കാന് തയ്യാറാകാതിരുന്ന പിതാവിനെ തരുണ ല്ലിക്കൊല്ലുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ കൃഷ്ണയുടെ മകള്‍ക്കും പങ്കുണ്ടെന്നാണ് സൂചന.
2017 ജൂണിലാണ് കൃഷ്ണ ജലവകുപ്പില്‍ നിന്ന് വിരമിച്ചത്. 6 ലക്ഷം രൂപ വിരമിച്ചപ്പോള്‍ കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ തന്റെ പേരിലുള്ള ചില സ്വത്തുക്കള്‍ വിറ്റ വകയില്‍ പത്ത് ലക്ഷം രൂപയും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഈ തുക മകനായ തനിക്കും രണ്ട് സഹോദരിമാര്‍ക്കും വീതിച്ചു നല്‍കണമെന്ന് തരുണ സ്ഥിരമായി ആവശ്യപ്പെട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ശല്യം സഹിക്കാനാവാതെ കൃഷ്ണ രണ്ട് ലക്ഷം രൂപ ഒഴികെ ബാക്കിയുള്ള തുക മക്കള്‍ക്ക് നല്കി.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ബാക്കിയുള്ള രണ്ട് ലക്ഷം രൂപയും നല്‍കണമെന്ന് തരുണ ആവശ്യപ്പെട്ടു. നല്കാന് കൃഷ്ണ തയ്യാറായില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഒരു സഹോദരിയുടെ സാന്നിദ്ധ്യത്തില്‍ പിതാവിനെ തരുണ തല്ലിക്കൊല്ലുന്നത്. അയല്‍വാസികള്‍ ചേര്‍ന്ന് കൃഷ്ണയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.