പാര്‍ലെ-ജി ബിസ്കറ്റ് ഫാക്ടറിയില് ബാലവേല; 26 കുട്ടികളെ മോചിപ്പിച്ചു
റായ്പൂര്‍: ഛത്തീസ്ഗഡിലെ പാര്ലെ-ജി ബിസ്കറ്റ് ഫാക്ടറിയില് ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു. 12നും 16നുമിടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇവിടെ ജോലിയെടുപ്പിച്ചിരുന്നത്. റായ്പൂരിലെ അംശിവാണിയിലെ ഫാക്ടറിയിലാണ് ബാലവേലക്കെതിരെ പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സും ജില്ലാ ശിശുക്ഷേമ സമിതിയും പരിശോധന നടത്തി കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതായി കണ്ടെത്തിയത്.
ഒഡിഷ, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികള്‍. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ തങ്ങള്‍ക്ക് ജോലി ചെയ്യേണ്ടതായി വന്നിട്ടുണ്ടെന്നും 5000 രൂപ മുതല്‍ 7000 രൂപ വരെയാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്ന ശമ്പളമെന്നും കുട്ടികള്‍ മൊഴി നല്‍കി. വനിതാ ശിശു വികസന വകുപ്പിന്റെ പരാതിയില്‍ ഫാക്ടറി ഉടമകള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ട്.
ജൂണ്‍ 12ന് ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലാ ടാസ്‌ക് ഫോഴ്‌സ് ഇത്തരമൊരു പരിശോധന സംഘടിപ്പിച്ചതെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നവ്‌നീത് സ്വര്‍ണ്കര്‍ പറഞ്ഞു. റായ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ 51 കുട്ടികളെ ബാലവേലയില്‍ നിന്ന് മോചിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.