യോഗിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റ്; ഉത്തര്‍ പ്രദേശില്‍ നാലാമത്തെയാള്‍ അറസ്റ്റില്‍
ലഖ്‌നൗ: യോഗി ആദിത്യനാഥിനെതിരെ സോഷ്യല് മീഡിയ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. യോഗിയുടെ മണ്ഡലമായ ഗോരഖ്പൂരില്‍ നിന്നാണ് നാലാമനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ നാലാമത്തെ അറസ്റ്റാണ് ഇത്. ഒരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിനെയും ടിവി ചാനല്‍ ഉടമയെയും എഡിറ്ററെയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം.
ട്വിറ്ററില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നാലാമത്തെയാളെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഇന്നലെ വൈകുന്നേരം ട്വീറ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു പോലീസുകാരന്‍ നല്‍കിയ പരാതിയിലാണ് ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് ഖനോജിയയെ ഡല്‍ഹിയില്‍ നിന്ന് ശനിയാഴ്ച യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഖനോജിയ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്ന ആരോപണം ഉന്നയിച്ച് ലഖ്‌നൗവിലുള്ള ഒരു പോലീസുകാരന്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എഡിറ്റര്‍മാരുടെ കൂട്ടായ്മയും പ്രതിഷേധം അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നതെന്നും മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള നീക്കമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.