പുല്‍വാമ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ സൈന്യം വധിച്ചതായി സൂചന. ജെയ്ഷെ മുഹമ്മദ് തീവ്രവാദിയും പരിശീലകനുമായ അബ്ദുള് റഷീദ് ഖാസി, ജയ്ഷെ കമാന്ഡറായ കമ്രാന് എന്നിവര് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്ട്ട്. പുല്വാമയില് ചാവേര് സഞ്ചരിച്ച കാറില് സ്ഫോടക വസ്തുക്കള് നിറച്ചത് ഇവരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുമായുള്ള ഏറ്റുമുട്ടലില് ഒരു മേജറടക്കം നാല് സൈനികരും കൊല്ലപ്പെട്ടു.
ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായ സ്ഥലത്തിനു സമീപമാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. മൂന്നു ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലം സൈന്യം വളയുകയായിരുന്നു. ഇതോടെ ഒളിഞ്ഞിരുന്ന ഭീകരര്‍ ആക്രമണം തുടങ്ങി. ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ സമീപത്ത് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും സംയുക്തമായി തെരച്ചില്‍ നടത്തി വരികയായിരുന്നു.
5 മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിലാണ് രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചത്. അതേസമയം ഈ വിവരം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.