ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി പടരുന്നു; ആറാഴ്ച്ചക്കിടെ 79 മരണം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ട്. ആറാഴ്ച്ചക്കിടെ തിരിച്ചറിയാനാവാത്ത പനി ബാധിച്ച് 19 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പനിയുടെ കാരണങ്ങളോ മറ്റു വിവരങ്ങളോ ഇതുവരെ ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ആറാഴ്ച്ച പിന്നിട്ടിട്ടും പനി പടരുന്നത് തടയിടാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ബറേലിയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്, 24 പേര്. ബദൗണില്‍ 23ഉം ഹര്‍ദോയിയില്‍ 12ഉം സിതാപൂരില്‍ എട്ടും, ബറൈച്ചില്‍ ആറും പിലിഭിത്തില്‍ നാലും, ഷാജഹാന്‍പുരില്‍ രണ്ടും പേരാണ് മരിച്ചത്. പനി പടര്‍ന്നത് സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു.
ഇത്തരം പനിക്ക് എന്ത് ചികിത്സയാണ് നല്‍കേണ്ടതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ലഭ്യമായിട്ടില്ല. കൂടുതലാളുകള്‍ മരിച്ച ബറേലിയിലും ബദൗണിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ അവശ്യ മരുന്നുകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.