തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെങ്കിലും തീവ്രവാദിയായി പ്രഖ്യാപിക്കാം; യുഎപിഎ ഭേദഗതി അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രതിപക്ഷ പ്രതിഷേധം പരാജയം

ഒരു മണിക്കൂറിനുള്ളില് എട്ട് ബില്ലുകളാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്രസര്ക്കാര് ലോക്സഭയില് അവതരിപ്പിച്ചത്.
 | 
തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെങ്കിലും തീവ്രവാദിയായി പ്രഖ്യാപിക്കാം; യുഎപിഎ ഭേദഗതി അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രതിപക്ഷ പ്രതിഷേധം പരാജയം

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെങ്കിലും വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ അവസരം നല്‍കുന്ന യുഎപിഎ ഭേദഗതി ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും പരാജയമായി മാറുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ എട്ട് ബില്ലുകളാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

യുഎപിഎ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷത്തിനു വേണ്ടി സംസാരിച്ച ശശി തരൂര്‍ പറഞ്ഞു. യുഎപിഎ നടപ്പാക്കിയത് തന്നെ തീവ്രവാദ സംഘടനകള്‍ക്കെതിരെയായിരുന്നു, വ്യക്തികളെയല്ല അത് ഉന്നം വെച്ചതെന്ന് തരൂര്‍ പറഞ്ഞു. തീവ്രവാദ സ്വഭാവമുള്ള ഒരാളുണ്ടെങ്കില്‍ അയാളെ പിടികൂടാനുള്ള അധികാരവും ശേഷിയും നിയമ പാലന സംവിധാനത്തിനുണ്ട്. അതിന് മറ്റ് അനേകം രീതികള്‍ നിലവിലുണ്ട്. അത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളും നിലവിലുള്ളതാണ്. ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രഖ്യാപിച്ച ആഗോള ഭീകരനാണെങ്കില്‍ 2007ലെ യുഎന്‍ നിയമം അയാള്‍ക്കെതിരെ പ്രയോഗിക്കാനാകും.

തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെങ്കിലും തീവ്രവാദിയായി പ്രഖ്യാപിക്കാം; യുഎപിഎ ഭേദഗതി അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രതിപക്ഷ പ്രതിഷേധം പരാജയം

ഇത്രയുമൊക്കെ ഉണ്ടായിട്ടും ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ യുഎപിഎ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും തരൂര്‍ ചോദിച്ചു. നിരോധിക്കപ്പെട്ട സംഘടനകളില്‍ അംഗങ്ങളല്ലാത്ത എത്ര തീവ്രവാദികളുണ്ടെന്ന് മന്ത്രി തെളിവു നല്‍കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ദുരുപയോഗിക്കപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള നിയമത്തിന്റെ നിര്‍മാണമാണ് നടക്കുന്നത്. ഒരാള്‍ ഏകപക്ഷീയമായി തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ടു കഴിഞ്ഞാല്‍ അങ്ങനെയല്ല എന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അയാളിലേക്ക് മാത്രം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്.

ഒരു സംഘടനയാണെങ്കില്‍ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഒരു വ്യക്തിക്ക് അതിനുള്ള കഴിവുണ്ടാകില്ല. ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പായി നിയമാനുസൃതമുള്ള പൊതുജനങ്ങളുടെ അഭിപ്രായം കേള്‍ക്കാനുള്ള സൗകര്യം പോലും അമിത് ഷാ നല്‍കിയില്ലെന്നും തരൂര്‍ പറഞ്ഞു. 1967ല്‍ യുഎപിഎ ബില്ലിനെ വാജ്‌പേയി എതിര്‍ത്തിരുന്നതായും തരൂര്‍ ചൂണ്ടിക്കാട്ടി.

തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെങ്കിലും തീവ്രവാദിയായി പ്രഖ്യാപിക്കാം; യുഎപിഎ ഭേദഗതി അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രതിപക്ഷ പ്രതിഷേധം പരാജയം

സംഘടനകള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായാണ് യുഎപിഎ കൊണ്ടുവന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രനും ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വ്യക്തികളെയും ഇതിനു കീഴിലേക്ക് കൊണ്ടുവരുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ടാഡ, പോട്ട നിയമങ്ങളനുസരിച്ചുള്ള കേസുകളില്‍ സുപ്രീം കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളുടെ ലംഘനമാണ് ഭേദഗതിയെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

തീവ്രവാദം ഇല്ലാതാകണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. എന്നാല്‍ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടരുത്. ടാഡയും പോട്ടയും ദുരുപയോഗം ചെയ്തതിന്റെ മാതൃകകള്‍ നമുക്കു മുന്നിലുണ്ട്. ഇത്തരമൊരു ഭേദഗതിയുണ്ടായാല്‍ ആരെ വേണമെങ്കിലും തീവ്രവാദിയാക്കാന്‍ ഭരണകൂടത്തിന് സാധിക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. മുസ്ലീം ലീഗ് പ്രതിനിധിയായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഈ ഭേദഗതി ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന ഭീതി പങ്കുവെച്ചു.

തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെങ്കിലും തീവ്രവാദിയായി പ്രഖ്യാപിക്കാം; യുഎപിഎ ഭേദഗതി അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രതിപക്ഷ പ്രതിഷേധം പരാജയം

എന്നാല്‍ ബില്ലിന്‍മേലുള്ള പൊതുജനാഭിപ്രായം 2016ല്‍ത്തന്നെ ശേഖരിച്ചിട്ടുള്ളതാണെന്നായിരുന്നു ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി മറുപടി നല്‍കിയത്. ഈ നിയമ ഭേദഗതി ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില പാകിസ്ഥാനി തീവ്രവാദികള്‍ക്കു മാത്രമേ ആവശ്യമായി വരികയുള്ളുവെന്നും മന്ത്രി മറുപടിയായി പറഞ്ഞു. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഭേദഗദി ബില്‍, മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്‍, ഉപഭോക്തൃ സംരക്ഷണ നിയമം, പൊതുസ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കല്‍ ഭേദഗതി ബില്‍, ജാലിയന്‍ വാലാബാഗ് ദേശീയ സ്മാരകം ഭേദഗതി ബില്‍, കേന്ദ്ര സര്‍വകലാശാലാ ഭേദഗതി ബില്‍ തുടങ്ങിയവയാണ് തിങ്കളാഴ്ച ഒരു മണിക്കൂറിനുള്ളില്‍ അവതരിപ്പിച്ചത്.