പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ 8000 സൈനികര്‍ കൂടി ജമ്മു കാശ്മീരിലേക്ക്

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കൂടുതല് സൈനികരെ നിയോഗിക്കുന്നു.
 | 
പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ 8000 സൈനികര്‍ കൂടി ജമ്മു കാശ്മീരിലേക്ക്

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കൂടുതല്‍ സൈനികരെ നിയോഗിക്കുന്നു. നിലവില്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ കൂടാതെ 8000 പാരാമിലിട്ടറി ട്രൂപ്പുകളെക്കൂടി കാശ്മീരില്‍ നിയോഗിച്ചു. വ്യോമസേനയുടെ സി-17 വിമാനങ്ങളില്‍ സൈനികരെ ശ്രീനഗറില്‍ എത്തിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച 35,000 സൈനികരെയാണ് വ്യത്യസ്ത ദിവസങ്ങളിലായി ജമ്മു കാശ്മീരില്‍ വിന്യസിച്ചത്. അസം, ഒഡിഷ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് അര്‍ദ്ധ സൈനികരെ കാശ്മീരിലേക്ക് അയച്ചിരിക്കുന്നത്. പ്രത്യേക പദവി എടുത്ത് കളഞ്ഞ നടപടി കാശ്മീരില്‍ വന്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് സൈനിക വിന്യാസം. കാശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്‍ഡ് ഫോണ്‍ സേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്.

ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ശ്രീനഗറിലുള്‍പ്പെടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. വന്‍ തയ്യാറെടുപ്പുകള്‍ക്ക് ഒടുവിലാണ് ആര്‍ട്ടിക്കിള്‍ 370ഉം 35 എ വകുപ്പും റദ്ദാക്കാനുള്ള പ്രമേയം അമിത് ഷാ അവതരിപ്പിച്ചത്.