മധ്യപ്രദേശിലെ പുതിയ എം.എല്‍.എമാരില്‍ 81 ശതമാനത്തിലേറെ പേര്‍ കോടിപതികള്‍

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില് വിജയിച്ച സ്ഥാനാര്ത്ഥികളില് 81 ശതമാനത്തിലേറെപ്പേര് കോടപതികളാണെന്ന് റിപ്പോര്ട്ട്. 230 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില് 187 പേരും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്പ്പിച്ചിരിക്കുന്ന രേഖകള് പ്രകാരം കോടിപതികളാണ്. കൂടുതല് കോടിപതികള് ബി.ജെ.പിയില് നിന്നാണ്. ബി.ജെ.പി ലേബലില് മത്സരിച്ച് വിജയിച്ച 109 പേരില് 91 സ്ഥാനാര്ത്ഥികള്ക്കും 1 കോടിയിലേറെ സ്വത്തുക്കളുണ്ട്.
പ്രഖ്യാപിത സ്വത്തുക്കളില്‍ ഏറ്റവും കൂടുതല്‍ വിജയരാഘവ്ഗഡിലെ ബി.ജെ.പി എം.എല്‍.എ സഞ്ജയ് സത്യേന്ദ്ര പ്രതകിനാണ്. 226 കോടിയിലേറെ സ്വത്തുക്കളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കീഴില്‍ മത്സരിച്ച് വിജയിച്ച 114 എം.ല്‍.എ മാരില്‍ 90 പേര്‍ക്ക് കോടിയിലേറെ സ്വത്തുക്കളുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ സ്വത്ത് വിവരങ്ങള്‍ നല്‍കിയിരുന്നു.
സാമാജികരില്‍ 41 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് 94 പുതിയ എം.എല്‍.എമാരുടെ പേരിലും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലെ 56 എം.എല്‍.എമാര്‍, ബി.ജെ.പിയുടെ 34 പേര്‍, ബി.എസ്.പിയുടെ രണ്ട് പേര്‍, എസ്.പിയുടെ ഒരു എം.എല്‍.എ, ഒരു സ്വതന്ത്ര എം.എല്‍.എ എന്നിവര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു.