ഗുജറാത്തിലും ശിശുമരണം; അഹമ്മദാബാദിലെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങള്‍
അഹമ്മദാബാദ്: ഗുജറാത്തിലും കൂട്ട ശിശുമരണം. അഹമ്മദാബാദിലെ സിവില് ആശുപത്രിയിലാണ് കുട്ടികളുടെ കൂട്ടമരണം ഉണ്ടായത്. 24 മണിക്കൂറിനിടെ 9 കുഞ്ഞുങ്ങള് മരിച്ചതായാണ് റിപ്പോര്ട്ട്. ഇവരില് മൂന്ന് നവജാത ശിശുക്കളും ശ്വാസ തടസത്തേത്തുടര്ന്ന് വിദഗ്ദ്ധ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ട മൂന്ന് കുട്ടികളും ഉള്പ്പെടുന്നതായി എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നു.
കഴിഞ്ഞദിവസം അര്‍ധരാത്രി മുതലാണ് ഇത്രയേറെ മരണങ്ങള്‍ ഇവിടെയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഭയന്നാണ് സന്നാഹങ്ങള്‍.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ കുട്ടികളുടെ കൂട്ടമരണം ഉണ്ടായത് ഓഗസ്റ്റ് ആദ്യമായിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്നത് മൂലം നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടത്.