തെറ്റുപറ്റിയാല്‍ യുപി കേരളവും ബംഗാളുമായി മാറും; വോട്ടെടുപ്പു ദിനത്തില്‍ യോഗി ആദിത്യനാഥ്
തെരഞ്ഞെടുപ്പില്‍ തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് കേരളവും ബംഗാളും കാശ്മീരുമൊക്കെയായി മാറുമെന്ന് യോഗി ആദിത്യനാഥ്. ആദ്യ ഘട്ട പോളിംഗിന് മുന്‍പായി ട്വിറ്ററില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട വീഡിയോയിലാണ് ആദിത്യനാഥിന്റെ ഈ പ്രസ്താവന. ബിജെപിക്ക് വോട്ട് ചെയ്താല്‍ ഭയരഹിതമായി ജീവിക്കാമെന്നാണ് ആദിത്യനാഥിന്റെ അവകാശവാദം.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒരുപാട് അത്ഭുതങ്ങള്‍ സംഭവിച്ചു. ഈ വോട്ടെടുപ്പില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ചു വര്‍ഷത്തെ അധ്വാനം ഇല്ലാതാകും. ഉത്തര്‍പ്രദേശ് കാശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം വേണ്ടിവരില്ലെന്നാണ് ആദിത്യനാഥ് പറഞ്ഞത്. ആറ് മിനിറ്റ് നീളുന്ന വീഡിയോ ബിജെപി ഹാന്‍ഡിലുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയാണ്.
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പോളിംഗ് പുരോഗമിക്കുകയാണ്. പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്ന ആദ്യഘട്ടത്തില്‍ 2.27 കോടി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും.