10 ലക്ഷം രൂപയുടെ വണ്ടിയോ? വാഹനം വാങ്ങാനെത്തിയ കര്‍ഷകനെ അപമാനിച്ച് സെയില്‍സ്മാന്‍; പിന്നെ നടന്നത്

 | 
Kempegowda

വേഷം കണ്ട് ആരെയും വിലയിരുത്തരുതെന്ന ചൊല്ല് സോഷ്യല്‍ മീഡിയക്കാലത്ത് വളരെ പോപ്പുലറാണ്. പക്ഷേ ഒരു നിമിഷം ഇത് മറന്ന വാഹന ഷോറൂമിലെ സെയില്‍സ്മാന് ഒരു കര്‍ഷകന്‍ നല്‍കിയ മറുപടി സിനിമയെപ്പോലും വെല്ലും. കര്‍ണാടകയിലെ തുംകൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൃഷി ആവശ്യത്തിന് പിക്കപ്പ് വാന്‍ വാങ്ങാനെത്തിയ കര്‍ഷകനാണ് കഥയിലെ നായകന്‍. കഥയിങ്ങനെ. 

കര്‍ഷകനായ കെംപഗൗഡ തുംകൂരുവിലെ മഹീന്ദ്ര ഷോറൂമില്‍ ബൊലേറോ പിക്കപ്പ് വാന്‍ വാങ്ങാനെത്തിയതായിരുന്നു. എന്നാല്‍ കെംപഗൗഡയുടെ വേഷം കണ്ട സെയില്‍സ്മാന്‍ അദ്ദേഹത്തെ പുച്ഛിച്ചു. പത്തു രൂപ തികച്ചെടുക്കാനില്ലാത്തവന്‍ പത്തു ലക്ഷം രൂപയുടെ വണ്ടിയോ എന്നായിരുന്നു പരിഹാസം. അങ്ങിനെയെങ്കില്‍ തനിക്ക് മഹീന്ദ്രയുടെ എക്‌സ് യു വി തന്നെ വേണമെന്നും ഒരു മണിക്കൂറിനുള്ളില്‍ താന്‍ പണവുമായെത്തുമെന്നും പറഞ്ഞ് അപമാനിതനായ കെംപഗൗഡ അവിടെ നിന്ന് ഇറങ്ങി. 

സംഭവം ഇതുകൊണ്ട് അവസാനിച്ചു എന്ന് വിചാരിച്ച സെയില്‍സ്മാന് തെറ്റി. കെംരഗൗഡ പറഞ്ഞ സമയത്തിനുള്ളില്‍ പണവും സുഹൃത്തുക്കളുമായെത്തി വാഹനം ആവശ്യപ്പെട്ടു. ഇങ്ങനെയൊരു സംഭവം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാതിരുന്ന സെയില്‍സ്മാനും ഷോറൂം മാനേജരും പ്രതിസന്ധിയിലായി. നാലു ദിവസത്തിനകം വാഹനം നല്‍കാമെന്ന് അവര്‍ പറഞ്ഞുവെങ്കിലും കെംപഗൗഡ സമ്മതിച്ചില്ല. 

വാഹനം കിട്ടുന്നതുവരെ പോകില്ലെന്ന് പറഞ്ഞ് ഷോറൂമിന് മുന്നില്‍ അദ്ദേഹവും കൂട്ടുകാരും കുത്തിയിരുന്നു. ഈ ഷോറൂമില്‍ നിന്ന് തനിക്ക് വാഹനം വേണ്ടെന്നും കെംപഗൗഡ പ്രഖ്യാപിച്ചു. പിന്നീട് പരിഹസിച്ചതിനും മോശം പെരുമാറ്റത്തിനും അദ്ദേഹം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് ഇടപെട്ട് സെയില്‍സ്മാനും മറ്റു ജീവനക്കാരും ക്ഷമാപണം നടത്തുകയും ക്ഷമാപണക്കത്ത് നല്‍കുകയും ചെയ്ത ശേഷമാണ് പ്രശ്‌നം തീര്‍ന്നത്. 

കെംപഗൗഡയുടെ ആത്മാഭിമാന സമരത്തിന്റെ വീഡിയോ വൈറലായി മാറി. പിന്നീട് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയെ നിരവധി പേര്‍ ടാഗ് ചെയ്യുകയും ചെയ്തു.