മതിലിടിച്ചു തകര്‍ത്ത വിമാനം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിമാനം ഉപയോഗശൂന്യമായെന്ന് വിലയിരുത്തല്‍
മുംബൈ: ട്രിച്ചി വിമാനത്താവളത്തിന്റെ മതില് ഇടിച്ചു തകര്‍ത്ത് പറന്നുയര്‍ന്ന വിമാനം യാത്ര തുടര്‍ന്നിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നത് വന്‍ ദുരന്തം. വിമാനത്തിന് അപകടത്തില്‍ സാരമായ തകരാറുകള്‍ ഉണ്ടായെന്ന് പരിശോധനയില്‍ വ്യക്തമായി. ഇനി ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തിലുള്ള തകരാറുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നേരിട്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 136 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പരിശോധനയില്‍ വിമാനത്തിന്റെ ചട്ടക്കൂട് പൊളിഞ്ഞത് കണ്ടെത്തി. ഈ അവസ്ഥയില്‍ മൂന്ന് മണിക്കൂറോളം വിമാനം പറന്നിരുന്നു. ട്രിച്ചിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം അപകടത്തെത്തുടര്‍ന്ന് മുംബൈയില്‍ ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എല്ലാ സംവിധാനങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പൈലറ്റുമാര്‍ അറിയിച്ചത്. അപകടത്തില്‍പെട്ട വിമാനത്തിന്റെ രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചെന്ന് മാത്രമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

പൈലറ്റുമാര്‍ ഉറപ്പു നല്‍കിയിട്ടും മുന്‍കരുതല്‍ എന്ന നിലയിലാണ് വിമാനം മുംബൈയില്‍ ഇറക്കാന്‍ നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.20 ഓടെയായിരുന്നു സംഭവം. വിമാനത്തിന്റെ ആന്റിന ട്രിച്ചിയില്‍ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൈലറ്റുമാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം ആരംഭിച്ചു.