തമിഴ്‌നാട്ടില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. കടലൂര്‍ ചിദംബരത്തെ നന്തനാര്‍ സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപകനായ സുബ്രഹ്‌മണ്യനാണ് അറസ്റ്റിലായത്. ഇയാള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും തല്ലുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അധ്യാപകനെ കണ്ടെത്തിയത്.
ആറ് വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന വീഡിയോ മാത്രമാണ് പുറത്തു വന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വടി ഉപയോഗിച്ച് തല്ലുകയും മുട്ടിനു മുകളില്‍ ചവിട്ടുകയും മുട്ടുകാലില്‍ നിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നത്.
ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. പിന്നാലെ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് കടലൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.