മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും കര്‍ണാടകയില്‍ മന്ത്രിസഭയായില്ല; വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം

കര്ണാടകയില് സര്ക്കാര് രൂപീകരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിക്കാന് കഴിയാതെ ബിജെപി.
 | 
മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും കര്‍ണാടകയില്‍ മന്ത്രിസഭയായില്ല; വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതെ ബിജെപി. ദിവസങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്തിയെ ശേഷം തിടുക്കത്തിലായിരുന്നു യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജൂലൈ 26 വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ യെദിയൂരപ്പ 29-ാം തിയതി സഭയില്‍ വിശ്വാസം തെളിയിക്കുകയും ചെയ്തു. എന്നാല്‍ മന്ത്രിമാരെ നിയമിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

കര്‍ണാടകയില്‍ നിലവില്‍ ഒരു സര്‍ക്കാരില്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മന്ത്രിമാരാരും ഇല്ലാത്തതിനാല്‍ ഭരണം സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാനം കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. അധികാരത്തില്‍ മാത്രം ശ്രദ്ധിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിന് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്ന് പ്രതിപക്ഷം പ്രസ്താവനയില്‍ പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ഡല്‍ഹിയിലെത്തി മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്യാനായിരുന്നു യെഡിയൂരപ്പ ലക്ഷ്യമിട്ടത്. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ കൂടിക്കാഴ്ച വൈകി. ബിജെപി കേന്ദ്ര നേതൃത്വമാണ് മന്ത്രിസഭ വികസിപ്പിക്കുന്നതിന് തല്‍ക്കാലം തടയിട്ടിരിക്കുന്നതെന്ന് യെഡിയൂരപ്പയുടെ ഒരു അടുത്ത അനുയായി പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ചില വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാനുണ്ട്. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ വിഷയമാണ് ആദ്യം പരിഗണിക്കേണ്ടത്. അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയാണ് യെഡിയൂരപ്പയുടെ ആദ്യ പരിഗണന. ക്യാബിനറ്റ് രൂപീകരണത്തിന് സമയമെടുക്കുമെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു.

തനിക്ക് വേണ്ടി സ്ഥാനത്യാഗം ചെയ്ത് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് അവസരം നല്‍കണമെന്നാണ് യെഡിയൂരപ്പ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് തന്നെ സന്ദര്‍ശിച്ച ലിംഗായത്ത് സമുദായ പ്രതിനിധികളോട് യെഡിയൂരപ്പ ഇക്കാര്യം പറഞ്ഞു. അയോഗ്യരാക്കപ്പെട്ടവര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി ഇവരുടെ അയോഗ്യത നീക്കാതെ സ്ഥാനങ്ങള്‍ നല്‍കാന്‍ കഴിയില്ല.