ആധാർ കാർഡ് കാണിച്ചില്ല; മുസ്ലീം വഴിയോരകച്ചവടക്കാരന് മര്‍ദ്ദനം

 | 
saheeer khan

മധ്യപ്രദേശിൽ വഴിയോരകച്ചവടക്കാരന് ആധാർ കാർഡ് കാണിക്കാത്തതിന്റെ പേരിൽ മർദ്ദനം.മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം.  45കാരനായ സഹീര്‍ ഖാനാണ് കഴിഞ്ഞദിവസം മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സഹീര്‍ ഖാന്‍ ഹത്പിപ്ലിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്

വഴിയരികില്‍ ബിസ്‌കറ്റ് വില്‍ക്കുന്നതിനിടെയാണ് സഹീര്‍ ഖാന് മർദ്ദനമുണ്ടായത്. രണ്ടു പേർ തന്നോട് ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു. തന്റെ കൈവശമിപ്പോള്‍ ആധാര്‍ കാര്‍ഡില്ലെന്ന് അറിയിച്ചതോടെയാണ് മര്‍ദ്ദനം ആരംഭിച്ചതെന്നും, വടികള്‍ കൊണ്ടും ബെല്‍റ്റു കൊണ്ടും തന്നെ മര്‍ദ്ദിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രതികളെ കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയില്‍ പറയുന്നു.  കച്ചവടം നടത്തിയ പ്രദേശത്ത് തന്നെയുള്ളവരാണ് ഇവരെന്നും, ഇനി മേലാല്‍ ഈ ഭാഗത്ത് കച്ചവടം നടത്തരുതെന്ന് ആവശ്യപ്പെട്ടാതായും  സഹീർ ഖാൻ പറഞ്ഞു.