പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുല്‍ റഷീദ് ഘാസി! ആക്രമണത്തോട് അനുബന്ധിച്ച് 7 പേര്‍ പിടിയില്‍
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന് ജെയ്ഷെ മുഹമ്മദ് കമാന്ഡര് അബ്ദുല് റഷീദ് ഘാസിയെന്ന് സ്ഥിരീകരണം. ഇയാള് പുല്വാമയിലെ വനമേഖലയിലുണ്ടെന്ന് വ്യക്തമായി. ഇതേത്തുടര്ന്ന് തെരച്ചില് ആരംഭിച്ചു. ജെയ്ഷെ തലവന് മൗലാന മസൂദ് അസര് ഇയാളെ ആക്രമണത്തിനായി നേരിട്ട് നിയോഗിക്കുകയായിരുന്നു.
ഭീകര സംഘടനയിലെ പരിശീലകനാണ് ഇയാള്‍. അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെയുള്ള യുദ്ധത്തില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. ഐഇഡി പോലെയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കാനും ഇയാള്‍ വിദഗ്ദ്ധനാണ്. പുല്‍വാമയില്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിനെ ഇയാള്‍ ഒരു വര്‍ഷത്തോളം പരിശീലിപ്പിച്ചിരുന്നു.
കാശ്മീരില്‍ ആളുകളെ സ്വാധീനിച്ച് ഒപ്പം നിര്‍ത്തിയ ഇയാള്‍ ഭീകരാക്രമണത്തിന് നേരത്തേ തന്നെ പദ്ധതിയിട്ടിരുന്നു. 2018 ഡിസംബറില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ഇയാള്‍ ഈ മാസം 11-ാം തിയതി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
ഭീകരാക്രമണത്തിന് ഇയാള്‍ പദ്ധതിയിടുന്നുണ്ടെന്ന് ഒരു മാസം മുമ്പ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നെങ്കിലും ഇവ വിലയിരുത്തുന്നതില്‍ വലിയ വീഴ്ചയാണ് ഉണ്ടായത്. സൈന്യത്തിനു നേരെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു വിവരം.
ഭീകരാക്രമണത്തോട് അനുബന്ധിച്ചു നടക്കുന്ന അന്വേഷണത്തില്‍ ഏഴു പേര്‍ പിടിയിലായിട്ടുണ്ട്. പുല്‍വാമ, അവന്തിപ്പോറ എന്നിവിടങ്ങളില്‍ നിന്നാണ് ആക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഇവരെ ജമ്മു കാശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതലാളുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.