അഭിനന്ദന്‍ വര്‍ത്തമാന്‍ 40 മണിക്കൂറോളം ഐഎസ്‌ഐ പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തല്‍

പാക് പിടിയിലായ ഇന്ത്യന് വ്യോമസേനാ പൈലറ്റ്, വിങ് കമാന്ഡര് അഭിനന്ദന് വര്ത്തമാന് ഐഎസ്ഐയുടെ ചോദ്യം ചെയ്യലിന് വിധേയനായെന്ന് വെളിപ്പെടുത്തല്.
 | 
അഭിനന്ദന്‍ വര്‍ത്തമാന്‍ 40 മണിക്കൂറോളം ഐഎസ്‌ഐ പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ്, വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഐഎസ്‌ഐയുടെ ചോദ്യം ചെയ്യലിന് വിധേയനായെന്ന് വെളിപ്പെടുത്തല്‍. പാക് രഹസ്യാന്വേഷണ ഏജന്‍സി 40 മണിക്കൂറോളം അഭിനന്ദനെ ചോദ്യം ചെയ്തു. റാവല്‍പിണ്ടിയിലെ രഹസ്യ കേന്ദ്രത്തില്‍ രണ്ടു ദിവസത്തോളം ചോദ്യം ചെയ്യുന്നതിനിടെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തു. പാക് പിടിയില്‍ നിന്ന് മോചിതനായെത്തിയ അഭിനന്ദനെ ഡീബ്രീഫിംഗ് നടത്തിയപ്പോളാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ ആക്രമണത്തിനെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്റെ വിമാനം പാക് അധീന കാശ്മീരില്‍ തകര്‍ന്നു വീണത്. ഇവിടെ നിന്ന് പാക് സൈന്യം കസ്റ്റഡിയിലെടുത്ത് ഇസ്ലാമാബാദിലെ പാക് മെസില്‍ എത്തിച്ച അഭിനന്ദനെ ഉടന്‍ തന്നെ റാവല്‍പിണ്ടിയിലേക്ക് മാറ്റുകയായിരുന്നു. പാക് മെസില്‍ വെച്ചാണ് ചായ കുടിക്കുന്ന വീഡിയോ എടുത്തത്. റാവല്‍പിണ്ടിയില്‍ ശക്തമായ വെളിച്ചവും ശബ്ദവുമുള്ള മുറിയിലാണ് ഇരുത്തിയത്.

ഓരോ അരമണിക്കൂറിലും മര്‍ദ്ദനത്തിന് വിധേയനാക്കി. രണ്ടാമതായി പുറത്തു വന്ന വീഡിയോയിലുള്ള ശബ്ദം തന്റേതല്ലെന്നും ഡീബ്രീഫിംഗില്‍ അഭിനന്ദന്‍ പറഞ്ഞു. 58 മണിക്കൂറോളം അഭിനന്ദന്‍ പാക് കസ്റ്റഡിയില്‍ കഴിഞ്ഞു. പിന്നീട് ഇന്ത്യക്ക് കൈമാറിയ ഇദ്ദേഹത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.