കമാന്‍ഡര്‍ അഭിനന്ദന്‍ നാല് മണിയോടെ ഇന്ത്യയിലെത്തും; കൈമാറ്റം വാഗാ ബോര്‍ഡര്‍ വഴി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ വ്യോമസേന വിംഗ് കമാന്ഡര് അഭിനന്ദന് വര്ത്തമാന് നാല് മണിയോടെ ഇന്ത്യയിലെത്തും. വാഗാ ബോര്ഡര് വഴിയാണ് അഭിനന്ദനെ കൈമാറുക. അതേസമയം അഭിനന്ദനെ പ്രത്യേക വിമാനത്തില് ഡല്ഹിയിലെത്തിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന് തള്ളി. ഔദ്യോഗിക നടപടികള് പൂര്ത്തിയാക്കിയ ശേഷം അഭിനന്ദനെ വിമാനമാര്ഗം ലാഹോറിലെത്തിക്കും. പിന്നീടായിരിക്കും വാഗ ബോര്‍ഡറിലെത്തുക.
അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാര്‍ അമൃത്സറിലെത്തി കഴിഞ്ഞിട്ടുണ്ട്. അഭിനന്ദന്റെ മോചനത്തിന് വേണ്ടി യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വിംഗ് കമാന്‍ഡറെ ഉടന്‍ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചത്. സമാധാനത്തിന്റെ സന്ദേശമെന്ന നിലയില്‍ അഭിനന്ദനെ വിട്ടയക്കുമെന്ന് വ്യാഴാഴ്ച വൈകീട്ട് പാക് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയ പാക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ പറത്തിയ മിഗ്-21 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നു വീഴുന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറം തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും അഭിനന്ദന്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. എന്നാല്‍ നിലത്തിറങ്ങിയ ഉടന്‍ പാക് സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യയെ ആക്രമിച്ച പാക് ഫൈറ്റര്‍ ജെറ്റ് എഫ്-16 വെടിവെച്ചു വീഴ്ത്തിയ ശേഷമാണ് അഭിനന്ദന്റെ വിമാനം തകര്‍ന്നത്.