അഭിനന്ദന്റെ മീശ ‘ദേശീയ മീശ’യാക്കണമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ്

വിംഗ് കമാന്ഡര് അഭിനന്ദന് വര്ത്തമാന്റെ മീശ 'ദേശീയ മീശ'യാക്കണമെന്ന ആവശ്യവുമായി കോണ്ഗ്രസ്.
 | 
അഭിനന്ദന്റെ മീശ ‘ദേശീയ മീശ’യാക്കണമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ മീശ ‘ദേശീയ മീശ’യാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ലോക്‌സഭയിലാണ് ഈ വിചിത്രമായ ആവശ്യം ഉയര്‍ന്നത്. കോണ്‍ഗ്രസ് ലോക്‌സഭാ നേതാവായ ആധിര്‍ രഞ്ജന്‍ ചൗധരിയാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഈ ആവശ്യം ഉന്നയിച്ചത്. അഭിനന്ദന്റെ പേര് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിച്ചതില്‍ ബിജെപിയെ വിമര്‍ശിച്ച ആധിര്‍ രാജന്‍ അഭിനന്ദന് പുരസ്‌കാരം നല്‍കണമെന്നും മീശ ‘ദേശീയ മീശ’യായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ബലാക്കോട്ട് ആക്രമണത്തിനു ശേഷം തിരിച്ചടിക്കാനെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടയില്‍ പാക് അധീന കാശ്മീരില്‍ തകര്‍ന്നു വീണ മിഗ് 21 ബൈസണ്‍ വിമാനത്തിന്റെ പൈലറ്റായിരുന്നു അഭിനന്ദന്‍. ഫെബ്രുവരി 27നായിരുന്നു സംഭവം. പാകിസ്ഥാന്റെ എഫ്-16 വിമാനം അഭിനന്ദന്‍ വെടിവെച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. പാക് സൈന്യം പുറത്തുവിട്ട ചോദ്യം ചെയ്യല്‍ വീഡിയോ പുറത്തു വന്നതോടെയാണ് അഭിനന്ദന്‍ പിടിയിലായെന്ന കാര്യം വ്യക്തമായത്. പിന്നീട് ഇന്ത്യന്‍ വ്യോമസേനയും ഇക്കാര്യം സ്ഥിരീകരിച്ചു. പിന്നീട് പാകിസ്ഥാന്‍ അഭിനന്ദനെ വിട്ടയക്കുകയും ചെയ്തു.

അഭിനന്ദന്റെ പ്രത്യേക ശൈലിയിലുള്ള മീശ ഇതിനിടയില്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി പാക് ചാനല്‍ തയ്യാറാക്കിയ പരസ്യത്തിലും അഭിനന്ദന്റെ മീശയുള്ളയാളെയാണ് ഇന്ത്യയെ പരിഹസിക്കാന്‍ ചിത്രീകരിച്ചിരുന്നത്.