മയിലിനെ കൊന്നെന്ന് ആരോപിച്ച് ദളിത് വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ഭോപ്പാല്‍: ഉത്തരേന്ത്യയില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല. മയിലിനെ കൊന്നെന്ന് ആരോപിച്ച് വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. ദളിത് വിഭാഗക്കാരനാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ നീമുച് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഹീരാലാല്‍ ബന്‍ചാഡ എന്നയാളാണ് മരിച്ചത്. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹീരാലാല്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ഇതേ ജില്ലയില്‍ ആടിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്ന് പേരെ മര്‍ദ്ദിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പോലീസാണ് ഹീരാലാലിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ 9 പേര് അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്ന വകുപ്പ് അനുസരിച്ചും കേസെടുത്തു. കൊല്ലപ്പെട്ട ഹീരാലാല്‍, മകന് രാഹുല്‍, മറ്റ് രണ്ടു പേര് എന്നിവര്‍ക്കെതിരെ ദേശീയ പക്ഷിയായ മയിലിനെ കൊന്നതിനും കേസെടുത്തിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിഹാറില്‍ മൂന്നു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് കഴിഞ്ഞ ദിവസമാണ്.