വിമത എംഎല്‍എമാരുടെ അയോഗ്യത ബിജെപിക്ക് നേട്ടമാകും; വിശ്വാസവോട്ട് തിങ്കളാഴ്ച

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് സ്പീക്കര് എംഎല്എമാരെ അയോഗ്യരാക്കിക്കൊണ്ട് നടപടിയെടുത്തത്.
 | 
വിമത എംഎല്‍എമാരുടെ അയോഗ്യത ബിജെപിക്ക് നേട്ടമാകും; വിശ്വാസവോട്ട് തിങ്കളാഴ്ച

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയ നാടകത്തിലെ ട്വിസ്റ്റ് പരമ്പരകളില്‍ ഏറ്റവും ഒടുവിലത്തേതാണ് 14 വിമത എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ നടപടി. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് പേരെ അയോഗ്യരാക്കിക്കൊണ്ട് മുംബൈയില്‍ കഴിയുന്ന മറ്റ് വിമതര്‍ക്ക് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും മടങ്ങിവരാന്‍ കൂട്ടാക്കാതിരുന്ന ഇവരെ സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിക്കുകയായിരുന്നു. ആകെ 17 വിമതരെയാണ് അയോഗ്യരായി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് സ്പീക്കര്‍ എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ട് നടപടിയെടുത്തത്. ഇത് ബിജെപിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

ഇത്രയും അംഗങ്ങള്‍ അയോഗ്യരാക്കപ്പെട്ടതോടെ നിയമസഭയിലെ അംഗസംഖ്യ 208 ആയി കുറഞ്ഞു. ഇതനുസരിച്ച് കേവല ഭൂരിപക്ഷം 112ല്‍ നിന്ന് 105 ആയി മാറി. നിലവില്‍ ബിജെപിക്ക് 105 അംഗങ്ങളാണ് സഭയിലുള്ളത്. അത്‌കൊണ്ടുതന്നെ സഭയുടെ വിശ്വാസം നേടുകയെന്നത് ബിജെപിക്ക് ഇനി പ്രതിസന്ധിയേയല്ല. സ്പീക്കര്‍ രമേശ് കുമാര്‍ രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ നിയോജകമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കണം. കോണ്‍ഗ്രസും ജെഡിഎസും ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഇവിടങ്ങളില്‍ സഖ്യമായി മത്സരിച്ചാല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ പ്രതീക്ഷ.

എന്നാല്‍ ജെഡിഎസില്‍ ഉയരുന്ന ചില അപസ്വരങ്ങള്‍ ഇതിന് തടസമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചില എംഎല്‍എമാര്‍ ആവശ്യമുന്നയിച്ചിരുന്നു. അധികാരം നഷ്ടമായ ശേഷം ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് എംഎല്‍എമാര്‍ ബിജെപി അനുകൂല നിലപാട് അറിയിച്ചത്. ബിജെപിക്ക് പിന്തുണ നല്‍കില്ലെന്ന് ഇതേത്തുടര്‍ന്ന് എച്ച്.ഡി.കുമാരസ്വാമി പ്രസ്താവനയിറക്കി.

ബിജെപിയെ അധികാരത്തില്‍ ഉറപ്പിക്കുന്ന നടപടിയാണെങ്കിലും എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി വരിക്കുന്ന കെണിയില്‍ വീഴാന്‍ തയ്യാറെടുക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് സ്പീക്കര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും ഭരണഘടനക്കെതിരായി പ്രവര്‍ത്തിക്കുന്ന സ്വാര്‍ത്ഥരും അത്യാഗ്രഹികളുമായ രാഷ്ട്രീയക്കാര്‍ക്കുള്ള പാഠമാണ് ഇതെന്നും സിദ്ധരാമയ്യ പറഞ്ഞു.