കോടതി നടപടികള്‍ നീണ്ടത് 41 വര്‍ഷം; 20 രൂപ മോഷ്ടിച്ച കേസില്‍ 61 കാരനെ വെറുതെ വിട്ടു

ഗ്വാളിയോര്‍: കോടതി നടപടികള്‍ താമസിക്കുന്നതും കേസുകള്‍ വര്‍ഷങ്ങളോളം നീളുന്നതും ഇന്ത്യയില്‍ സാധാരണ സംഭവമാണ്. എന്നാല്‍ വളരെ നിസാരമെന്ന് തോന്നാവുന്ന ഒരു കുറ്റത്തിന് 41 വര്‍ഷം നിയമ പോരാട്ടം നീളുകയെന്നത് വളരെ വിചിത്രമായി തോന്നാം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 20 രൂപ മോഷ്ടിച്ചുവെന്ന കേസില്‍ 41 വര്‍ഷത്തിനു ശേഷമാണ് ലോക് അദാലത്ത് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇസ്മായില്‍ ഖാന് എന്ന 68 കാരനെയാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയത്. ഭാവിയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന മുന്നറിയിപ്പും പ്രതിക്ക് കോടതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ബാബുലാല്‍ എന്ന 61കാരനാണ് പരാതിക്കാരന്. ഒരു ബസ് ടിക്കറ്റിനായുള്ള ക്യൂവില്‍ നില്ക്കുമ്പോള് ഇസ്മായില്‍ ഖാന് തന്റെ പോക്കറ്റില്‍ നിന്ന് 20 രൂപ മോഷ്ടിച്ചുവെന്ന് ബാബുലാല്‍ 1978ല്‍ നല്കിയ പരാതിയാണ് ഇപ്പോള്‍ തീര്‍പ്പായിരിക്കുന്നത്. കേസില്‍ അന്ന് അറസ്റ്റിലായ ഇസ്മായില്‍ ഖാന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങി. പിന്നീട് വര്‍ഷങ്ങളോളം നീണ്ട കോടതി നടപടികള്‍ക്ക് ഇയാള്‍ സ്ഥിരമായി വരുമായിരുന്നു. 2004 മുതല്‍ ഇസ്മായില്‍ ഖാന് കോടതിയില്‍ വരാതായി. ഇതേത്തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് ഖാന് പിന്നീട് അറസ്റ്റിലാകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ ജയിലിലാണ്. ജാമ്യാപേക്ഷ നല്‍കാനുള്ള പണം പോലും ഖാന്റെ കയ്യിലില്ലെന്നാണ് പരാതിക്കാരന് പറയുന്നത്. അയാള്‍ക്ക് കുടുംബമില്ലെന്നും സാമ്പത്തിക ചുറ്റുപാടുകള്‍ വളരെ മോശമാണെന്നും ബാബുലാല്‍ പറയുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേസ് തീര്‍പ്പാക്കുന്നതിനായി രണ്ട് കക്ഷികളെയും വിളിച്ചു വരുത്തുകയായിരുന്നു.