തമിഴ്നാട്ടിൽ ഒ പന്നീർശെൽവം അടക്കം എഐഎഡിഎംകെ എംഎല്‍എമാര്‍ അറസ്റ്റില്‍

 | 
aiadmk

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പന്നീർശെൽവം അടക്കമുള്ള എഐഎഡിഎംകെ എംഎൽഎമാർ അറസ്റ്റിൽ. ഡോ. ജയലളിത സർവകലാശാലയെ അണ്ണാമലൈ സർവകലാശാലയില്‍ ലയിപ്പിക്കാനുള്ള ഡിഎംകെ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബജറ്റ് സമ്മേളനം നടക്കുന്ന കലൈവനാർ അരംഗത്തിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് നടപടി.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയാണ് തമിഴ്‌നാട് സർവകലാശാല നിയമഭേദഗതി ബിൽ അവതരിപ്പിച്ചത്. 2013ലെ അണ്ണാമലൈ സർവകലാശാല നിയമം, 1981ലെ ഭാരതിയാർ സർവകലാശാല നിയമം എന്നിവ ഭേദഗതി ചെയ്യുകയും 2021ലെ ഡോ. ജെ ജയലളിത സർവകലാശാല നിയമം റദ്ദാക്കുകയും ചെയ്തുകൊണ്ടുള്ള ബില്ലായിരുന്നു ഇത്. ജയലളിത സർവകലാശാലയെ അണ്ണാമല സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് സ്ഥാപനമാക്കുകയും ചെയ്തു. ഇതിനെതിരെയാണ് എഐഎഡിഎംകെ രംഗത്ത് വന്നത്.

കലൈവനാർ അരംഗം ഓഡിറ്റോറിയത്തിനു പുറത്ത് പ്രതിഷേധം നടത്തിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പ്രതിഷേധം കാൽമണിക്കൂറിലേറെ നീണ്ടതോടെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.