വ്യോമസേനാ വിമാനാപകടം; കാണാതായ സൈനികര്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 സൈനികരും കൊല്ലപ്പെട്ടുവെന്ന് വ്യോമസേന.
 | 
വ്യോമസേനാ വിമാനാപകടം; കാണാതായ സൈനികര്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 സൈനികരും കൊല്ലപ്പെട്ടുവെന്ന് വ്യോമസേന. അരുണാചല്‍ പ്രദേശിലെ ലിപോ മേഖലയിലാണ് എ.എന്‍ 32 വിമാനം തകര്‍ന്നുവീണത്. എട്ടു ദിവസം നീണ്ട തെരച്ചിലിന് ഒടുവില്‍ ചൊവ്വാഴ്ചയാണ് വിമാനം തകര്‍ന്ന പ്രദേശം കണ്ടെത്തിയത്. എന്നാല്‍ ഇവിടെയിറങ്ങി തെരച്ചില്‍ നടത്താന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മൂന്നു മലയാളി സൈനികരും വിമാനത്തില്‍ ഉണ്ടായിരുന്നു.

തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ്കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പ്പറല്‍ എന്‍.കെ. ഷരിന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനും ശ്രമം നടക്കുകയാണ്. ഹെലികോപ്ടറുകള്‍ക്ക് ഇറങ്ങാന്‍ കഴിയാത്ത മേഖലയിലാണ് അപകടം നടന്നിരിക്കുന്നതെന്നതിനാലാണ് രക്ഷാപ്രവര്‍ത്തനം വൈകുന്നത്.

രക്ഷാപ്രവര്‍ത്തകര്‍ ഈ പ്രദേശത്ത് പാരച്യൂട്ടുകളിലാണ് ഇറങ്ങിയത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. ജൂണ്‍ മൂന്നിന് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചലിലെ മേചുക വ്യോമത്താവളത്തിലേക്കു പോയ ചരക്കു വിമാനമാണ് തകര്‍ന്നു വീണത്. എട്ട് വ്യോമസേനാംഗങ്ങളും അഞ്ചു യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.