എയര്‍ ഏഷ്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ മുംബൈയില്‍ നേര്‍ക്കുനേര്‍ വന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: എയര്‍ ഏഷ്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ മുംബൈയുടെ ആകാശത്ത് നേര്‍ക്കുനേര്‍ വന്നതായി റിപ്പോര്‍ട്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ള്. കഴിഞ്ഞ ജനുവരി 29നാണ് സംഭവമുണ്ടായത്. എയര്‍ ഏഷ്യ ഇന്ത്യയുടെ അഹമ്മദാബാദ്-ചെന്നൈ വിമാനവും ഇന്‍ഡിഗോയുടെ ബംഗളൂരു-വഡോദര വിമാനവും തമ്മില്‍ വെറും 8 കിലോമീറ്റര്‍ അകലത്തില്‍ വന്നുവെന്നാണ് കണ്ടെത്തിയത്. വിമാനങ്ങള്‍ തമ്മില്‍ 300 അടി മാത്രമായിരുന്നു ഉയര വ്യത്യാസം. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ പിഴവാണ് ഈ സംഭവത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
കൂട്ടിയിടി ഒഴിവാക്കുന്ന വിമാനത്തിലെ സംവിധാനം മുന്നറിയിപ്പ് നല്‍കിയതോടെ എയര്‍ ഏഷ്യ വിമാനം ഉയരത്തിലേക്ക് പറന്നുയര്‍ന്നാണ് അപകടം ഒഴിവാക്കിയത്. അഹമ്മദാബാദില്‍ നിന്ന് ദക്ഷിണേന്ത്യന്‍ റൂട്ടുകളില്‍ പറക്കുന്ന വിമാനങ്ങള്‍ ഭാവ്‌നഗറിന് മുകളിലൂടെയാണ് പറക്കുന്നത്. എന്നാല്‍ റൂട്ടില്‍ മാറ്റം വരുത്തിയതിനാല്‍ ജനുവരി 29ന് എയര്‍ ഏഷ്യ വിമാനം മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ ഉപയോഗിക്കുന്ന പാതയിലൂടെയാണ് വന്നത്.
അതേസമയം ഇന്‍ഡിഗോ വിമാനം എതിര്‍ ദിശയില്‍ വരുന്നുണ്ടായിരുന്നു. വ്യത്യസ്ത ഉയരങ്ങളിലാണെങ്കിലും വിമാനങ്ങള്‍ നേര്‍ക്കുനേരെ വന്നു. എയര്‍ ഏഷ്യ വിമാനം അതിന്റെ സാധാരണ പാതയിലാണെന്ന് വിചാരിച്ച എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഇത് ശ്രദ്ധിച്ചില്ലെന്നാണ് വിലയിരുത്തുന്നത്. അതിവേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്കിടയില്‍ നിമിഷങ്ങളുടെ ദൂരം മാത്രമേ ഈ സമയത്ത് ഉണ്ടായിരുന്നുള്ളുവെന്നതാണ് യാഥാര്‍ത്ഥ്യം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.