സംഘ്പരിവാര്‍ ഭീഷണി; പ്രശസ്ത സംഗീതജ്ഞന്‍ ടി.എം കൃഷ്ണയുടെ കച്ചേരി മാറ്റിവെച്ചു

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്ന്ന് പ്രശസ്ത കര്ണാടിക് സംഗീതജ്ഞന് ടി.എം കൃഷ്ണയുടെ കച്ചേരി മാറ്റിവെച്ചു. എയര്പോര്ട് അതോറിറ്റി ഓഫ് ഇന്ത്യ(എ.എ.ഐ) നവംബര് 17, 18 തിയതികളിലായി ചാണക്യപുരിയിലെ നെഹ്റു പാര്ക്കില് നടത്താനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്. എന്നാല് സംഭവത്തില് രൂക്ഷ പ്രതികരണവുമായി ടി.എം കൃഷ്ണ രംഗത്ത് വന്നിട്ടുണ്ട്. പരിപാടി നടത്താനിരുന്ന സമയത്ത് ഡല്ഹിയില് ഒരു വേദി സംഘടിപ്പിച്ച് തന്നാല് താന് അവിടെ വന്ന് പാടാമെന്നും ഇത്തരം ഭീഷണികള്ക്ക് വഴങ്ങരുതെന്നും അദ്ദേഹം പ്രതികരിച്ചു.
സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന അപൂര്‍വ്വം കലാകാരന്‍മാരില്‍ പ്രധാനിയാണ് ടി.എം കൃഷ്ണ. പരിസ്ഥിതി, നീതീ സംബന്ധിച്ച വിഷയങ്ങളില്‍ വളരെ സജീവ സാന്നിധ്യവുമാണ് ഇദ്ദേഹം. എ.എ.ഐയും സാംസ്‌കാരിക വേദിയായ സ്പിക്-മാകെയുമായി ചേര്‍ന്നാണ് ചാണക്യപുരിയിലെ കച്ചേരി ഒരുക്കിയിരുന്നത്. കൃഷ്ണ ദേശവിരുദ്ധനാണെന്നും അല്ലാഹു, ജീസസ് എന്നിവരെ കുറിച്ച് ഗാനമാലപിക്കുന്നയാളാണെന്നും ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ടി.എം കൃഷ്ണയുടെ ശ്രദ്ധിക്കപ്പെട്ട കച്ചേരികളില്‍ മിക്കതും വിവിധ ദൈവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നവായായിരുന്നു. ഇതാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. അര്‍ബന്‍ നക്‌സല്‍, മതഭ്രാന്തന്‍, ദേശവിരുദ്ധന്‍ തുടങ്ങിയ ചാപ്പകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി കൃഷ്ണയ്‌ക്കെതിരെ പ്രചാരണം ശക്തമായതോടെയാണ് പരിപാടി മാറ്റിവെച്ചത്.