വാല്‍മീകി സമുദായം പ്രതിഷേധവുമായി രംഗത്ത്; രാമായണം പശ്ചാത്തലമായ സീരിയല്‍ നിരോധിച്ചു

രാമായണം പശ്ചാത്തലമാകുന്ന ടെലിവിഷന് സീരിയലിന്റെ സംപ്രേഷണത്തിന് നിരോധനം.
 | 
വാല്‍മീകി സമുദായം പ്രതിഷേധവുമായി രംഗത്ത്; രാമായണം പശ്ചാത്തലമായ സീരിയല്‍ നിരോധിച്ചു

ചണ്ഡീഗഡ്: രാമായണം പശ്ചാത്തലമാകുന്ന ടെലിവിഷന്‍ സീരിയലിന്റെ സംപ്രേഷണത്തിന് നിരോധനം. പഞ്ചാബ് സര്‍ക്കാരാണ് കളേഴ്‌സ് ചാനലിലെ ‘രാം സിയാ കേ ലവ് കുശ്’ എന്ന സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കിയത്. വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുന്നു എന്ന് ആരോപിച്ച് വാല്‍മീകി സമുദായം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സീരിയല്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് സമുദായം ശനിയാഴ്ച ബന്ദ് നടത്തുകയും ചെയ്തു.

ബന്ദില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. ജലന്ധറിലുണ്ടായ സംഘര്‍ഷത്തില്‍ വെടിവെപ്പുണ്ടാകുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമ സംഭവങ്ങളെത്തുടര്‍ന്നാണ് സീരിയല്‍ അടിയന്തരമായി നിരോധിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിര്‍ദേശിച്ചത്. സീരിയല്‍ സംപ്രേഷണം ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍മാര്‍ കേബിള്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കെട്ടിച്ചമച്ച കഥകളാണ് സീരിയലിലുള്ളതെന്നും അവ തങ്ങളുടെ വികാരങ്ങളെ ഹനിക്കുന്ന വിധത്തിലുള്ളവയാണെന്ന് സമുദായം ആരോപിക്കുന്നു. സീരിയല്‍ ഉടന്‍ തന്നെ നിര്‍ത്തിവെക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.