ഉന്നാവോ കേസ്; കോടതിയില്‍ വിതുമ്പി അമിക്കസ് ക്യൂറി; സര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി

'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്?' ഉന്നാവോ സംഭവത്തില് സര്ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര് ജനറലിനോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.
 | 
ഉന്നാവോ കേസ്; കോടതിയില്‍ വിതുമ്പി അമിക്കസ് ക്യൂറി; സര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ‘ഈ രാജ്യത്ത് എന്താണ് നടക്കുന്നത്?’ ഉന്നാവോ സംഭവത്തില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഉന്നാവോ സംഭവത്തില്‍ സ്വയമെടുത്ത കേസിലാണ് സുപ്രീം കോടതി സോളിസിറ്റര്‍ ജനറലിനോട് ചോദ്യമുന്നയിച്ചത്. കേസിലെ അമിക്കസ് ക്യൂറി പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും വിവരങ്ങള്‍ കോടതിയെ ബോധിപ്പിച്ചപ്പോള്‍ വിതുമ്പുകയും ചെയ്തു. ഇതോടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് നേരെ തിരിഞ്ഞത്.

തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു കേസ് കണ്ടിട്ടില്ലെന്നാണ് അമിക്കസ് ക്യൂറിയായ വി.ഗിരി കോടതിയെ അറിയിച്ചത്. ഒരു സാധാരണ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയാകുന്നു. മറ്റൊരാള്‍ പെണ്‍കുട്ടിയുടെ അമ്മയെ ബലാല്‍സംഗം ചെയ്യുന്നു. പെണ്‍കുട്ടിയുടെ പിതാവിനെ കേസില്‍ കുടുക്കി കസ്റ്റഡിയിലെടുക്കുന്നു. കസ്റ്റഡിയില്‍ വെച്ച് അയാള്‍ കൊല്ലപ്പെടുന്നു. ബലാല്‍സംഗക്കേസ് വിചാരണക്കെടുക്കാന്‍ സമയമായപ്പോള്‍ ഇര സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നു. ഇര ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്ററിലാണെന്നും ഗിരി കോടതിയെ അറിയിച്ചു.

വിതുമ്പിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതോടെ സങ്കോചം കൂടാതെ തുറന്നു പറയാന്‍ ചീഫ് ജസ്റ്റിസ് ഗിരിയോട് പറഞ്ഞു. പെണ്‍കുട്ടിക്കുണ്ടായ അപകടത്തില്‍ ഏഴ് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാകണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം വേണ്ടി വരുമെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് സമ്മതിച്ചില്ല.

കേസില്‍ നിയമപ്രകാരം എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചോദിച്ചു. പെണ്‍കുട്ടിക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയാണെങ്കില്‍ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹി എയിംസില്‍ എത്തിക്കാന്‍ ഉത്തരവിടാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.