ഭക്തരോടുള്ള പോലീസിന്റെ പെരുമാറ്റം മനുഷ്യത്വ രഹിതം; പിണറായിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമിത് ഷാ
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി അധ്യക്ഷന് അമിത് ഷാ. കേരളാ പോലീസ് ഭക്തരെ കൈകാര്യം ചെയ്യുന്നത് മനുഷ്യത്വ വിരുദ്ധമായിട്ടാണെന്ന് അമിത് ഷാ ട്വിറ്ററില് കുറിച്ചു. വയോധികരും അമ്മമാരും പെണ്കുട്ടികളുമടങ്ങുന്ന ഭക്തരോട് പോലീസിന്റെ പെരുമാറ്റം നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ അസൗകര്യങ്ങള്‍ മൂലം ഭക്തര്‍ രാത്രി വിശ്രമിക്കുന്നത് പന്നി കാഷ്ടത്തിനടുത്തും ചവറ്റു വീപ്പയ്ക്ക് സമീപത്താണ്. ഷ്യയിലെ നിര്‍ബന്ധിത തൊഴില്‍ ക്യാമ്പുകളിലെ തൊഴിലാളികളെപ്പോലെയാണ് പിണറായി അയ്യപ്പ ഭക്തരോട് പെരുമാറുന്നത്. ഭക്ഷണം, കുടിവെള്ളം, താമസസൗകര്യം, വൃത്തിയുള്ള ശൗചാലയങ്ങള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അമിത് ഷാ ട്വിറ്ററില് കുറിച്ചു.
നേരത്തെ ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് വിമര്‍ശനവുമായി അമിത് ഷാ രംഗത്ത് വന്നത്. കുഴപ്പങ്ങളുണ്ടാക്കാനായി എത്തിയവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കെ. സുരേന്ദ്രനപ്പോലെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്.