മോദി ഏകാധിപതിയല്ലെന്ന് അമിത് ഷാ; തമാശയെന്ന് ടെന്നീസ് ഇതിഹാസം മാര്‍ട്ടീന നവരത്തിലോവ, സംഘപരിവാര്‍ പൊങ്കാല

നരേന്ദ്ര മോദി ഏകാധിപതിയല്ലെന്ന അമിത് ഷായുടെ പ്രസ്താവനയെ ട്രോളി ടെന്നീസ് ഇതിഹാസം മാര്‍ട്ടീന നവരത്തിലോവ. അമിത് ഷായുടെ പ്രസ്താവനയെ തമാശ എന്നാണ് മാര്‍ട്ടീന ട്വീറ്റില്‍ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയല്ല. അദ്ദേഹം രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇതേക്കുറിച്ചുള്ള ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് മാര്‍ട്ടീനയുടെ ട്രോള്‍.
ഇതോടെ സംഘപരിവാര്‍ അണികള്‍ കൂട്ടമായി മാര്‍ട്ടീനയെ വിമര്‍ശിക്കുന്ന മറുപടികളുമായി ട്വീറ്റിന് കീഴില്‍ എത്തിയിട്ടുണ്ട്. നേരത്തേ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയുടെ അതേ അവസ്ഥ മാര്‍ട്ടീനയ്ക്കുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ രംഗത്തെത്തി.
നേരത്തേ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും മാര്‍ട്ടീന പരിഹാസ ട്വീറ്റ് ചെയ്തിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടായിരുന്നു ഇമ്രാന്‍ ഖാനെ മാര്‍ട്ടീന വിമര്‍ശിച്ചത്.