ഒരു രാജ്യം, ഒരു ഭാഷയെന്ന് ഹിന്ദി ദിനത്തില്‍ അമിത് ഷാ; പ്രതിഷേധവുമായി യെച്ചൂരിയും സ്റ്റാലിനും മമതയും

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു ഭാഷയെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം. ഹിന്ദി ദിനത്തോടനുബന്ധിച്ച് ട്വിറ്ററിലൂടെയാണ് ഹിന്ദി വ്യാപകമായി ഉപയോഗിക്കണമെന്ന ആവശ്യവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയത്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു ഭാഷ ആവശ്യമാണെന്നും ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്കാണെന്നും അമിത് ഷാ പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെ ഹിന്ദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തി. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം തങ്ങള്‍ നിരന്തരം എതിര്‍ക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണെന്നും രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്ന പ്രസ്താവന പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
എല്ലാ ഭാഷകളെയും സംസ്‌കാരങ്ങളെയും തുല്യമായാണ് ബഹുമാനിക്കേണ്ടതെന്ന് മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. ഒരുപാട് ഭാഷകള്‍ പഠിച്ചാലും മാതൃഭാഷ മറക്കരുതെന്നും അവര്‍ വ്യക്തമാക്കി. വൈവിധ്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ഐഎംഐഎം അധ്യക്ഷന് അസദുദ്ദീന്‍ ഒവൈസിയും അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.