ചരിത്രമറിയാത്ത മോഡിയുടെ പുതിയ മണ്ടത്തരം കവിയായ കബീര്‍ ദാസിനെക്കുറിച്ച്; പരിഹസിച്ച് സോഷ്യല്‍ മീഡിയ
ലഖ്‌നൗ: ചരിത്രത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യയുടേതെന്നാണ് മോഡിയെക്കുറിച്ച് പൊതുവില് സോഷ്യല് മീഡിയ പരിഹസിക്കുന്നത്. ചരിത്രപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള് മോഡിക്ക് സംഭവിക്കുന്ന പിഴവുകളാണ് ഈ വിശേഷണത്തിന് പിന്നിലെ കാരണം. 15-ാം നൂറ്റാണ്ടില് ജീവിച്ചിരുന്ന പ്രസിദ്ധനായ കവി കബീര് ദാസിനെക്കുറിച്ച് സംസാരിച്ചാണ് മോഡി ഇപ്പോള് പരിഹാസ്യനായിരിക്കുന്നത്.
‘മഹാത്മാവായ കബീറിന്റെ സമചിത്തതയും മൈത്രിയും നൂറ്റാണ്ടുകള്‍ക്കിപ്പുറമുള്ള സമൂഹത്തിനും മാര്‍ഗ്ഗദര്‍ശിയാവുകയാണ്. ഗുരു നാനാക്ക്, ബാബാ ഗോരഖ്നാഥ് എന്നിവര്‍ക്കൊപ്പം ഇവിടെയിരുന്നാണ് കബീര്‍ ആത്മീയതയെ കുറിച്ച് സംസാരിച്ചത്’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ നടത്തിയ പരാമര്‍ശം.
വാസ്തവത്തില്‍ ഇവര്‍ മൂന്നുപേരും വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നവരാണെന്ന് ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നു. ബാബാ ഗോരഖ്നാഥ് 11-ാം നൂറ്റാണ്ടിലും കബീര്‍ 15-ാം നൂറ്റാണ്ടിലുമാണ് ജീവിച്ചിരുന്നത്. നൂറ്റാണ്ടുകളുടെ വ്യത്യാസത്തില്‍ ജീവിച്ചിരുന്നവരെങ്ങനെ ഒന്നിച്ചിരുന്ന് ആത്മീയതയെക്കുറിച്ച് സംസാരിക്കുമെന്ന് മോഡിയോട് ചരിത്രകാരന്മാര്‍ ചോദിക്കുന്നു. വിഷയത്തില്‍ മോഡി പ്രതികരിച്ചിട്ടില്ല.
കബീര്‍ദാസിന്റെ ശവകുടീരം സന്ദര്‍ശിക്കവെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലാണ് ചരിത്രപരമായ മണ്ടത്തരം പിണഞ്ഞത്. അറിയാത്ത കാര്യങ്ങളെക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. 700 വര്‍ഷം മുന്‍പുണ്ടാക്കിയ കൊണാര്‍ക്ക് ക്ഷേത്രത്തിന് 2000 വര്‍ഷം പഴക്കമുണ്ടെന്ന് മോഡി പറഞ്ഞിരുന്നു. ബീഹാറിന്റെ ശക്തിയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ പാകിസ്താനിലുള്ള തക്ഷശിലയെക്കുറിച്ച് സംസാരിച്ചും അദ്ദേഹം വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.