പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി; ശബരിമല വിധിക്ക് സ്റ്റേയില്ല
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ ലഭിച്ച പുനഃപരിശോധനാ ഹര്ജികളില് സുപ്രീം കോടതിയില് വാദം പൂര്ത്തിയായി. വിധി പിന്നീട് പ്രഖ്യാപിക്കും. കൂടുതല് വാദങ്ങള് എഴുതി നല്കാന് കോടതി അഭിഭാഷകരോട് ആവശ്യപ്പെട്ടു. ഇവ ഏഴു ദിവസങ്ങള്ക്കുള്ളില് സമര്‍പ്പിക്കണം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളായ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വാദിച്ചു.
എന്‍എസ്എസിനു വേണ്ടി പരാശരന്‍, തന്ത്രിക്കു വേണ്ടി വി.ഗിരി, പ്രയാര്‍ ഗോപാകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വി, ബ്രാഹ്മണ സഭയ്ക്കു വേണ്ടി ശേഖര്‍ നാഫ്‌ഡെ എന്നിവര്‍ ഹാജരായി. നാടകീയ സംഭവങ്ങള്‍ക്കും കോടതി സാക്ഷ്യം വഹിച്ചു. വാദിക്കുന്നതിനായി അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ഫയലെടുത്ത് മേശയിലടിച്ചു.
അഭിഭാഷകരെ രഞ്ജന്‍ ഗോഗോയി താക്കീത് ചെയ്യുകയും ചെയ്തു. പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം നാല് റിട്ട് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയും ഇന്ന് പരിഗണിച്ചു.