ബുലന്ദ്ഷഹര്‍ ഇന്‍സ്‌പെക്ടറുടെ കൊലപാതകം; മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൈനികന്‍ അറസ്റ്റില്‍

ഉത്തര്പ്രദേശിലെ ബുലന്ദ്ഹഷര് സബ് ഇന്സ്പെക്ടര് സുബോധ് കുമാര് സിങിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൈനികനെ അറസ്റ്റ് ചെയ്തു. ജീതേന്ദ്ര മാലിക്(ജീത്തു ഫൗജി) എന്ന കരസേന ജവാനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്സ്പെക്ടറുടെ കൊലപാതകവുമായി ഇയാള്ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന.
 | 
ബുലന്ദ്ഷഹര്‍ ഇന്‍സ്‌പെക്ടറുടെ കൊലപാതകം; മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൈനികന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഹഷര്‍ സബ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൈനികനെ അറസ്റ്റ് ചെയ്തു. ജീതേന്ദ്ര മാലിക്(ജീത്തു ഫൗജി) എന്ന കരസേന ജവാനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്‌പെക്ടറുടെ കൊലപാതകവുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ബുലന്ദ്ഷഹറില്‍ നടന്ന കലാപത്തിനിടെ കൊല്ലപ്പെട്ട സുബോധ് കുമാറിനും മറ്റൊരു യുവാവിനും ഒരേ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ജവാന് കൊലപാതകവുമായി ബന്ധമുള്ളതായി സൂചന ലഭിച്ചത്. അറസ്റ്റിലായ ജവാനെ ഇന്ന് ഉത്തര്‍പ്രദേശ് പോലീസിന് കൈമാറിയേക്കും.

കൊലപാതകം നടന്ന ദിവസം തന്നെ സൈനികന്‍ ജോലി സ്ഥലമായ ജമ്മു കാശ്മീരിലേക്ക് പോയിരുന്നു. ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെടുന്ന സമയത്ത് ഇയാള്‍ പ്രദേശത്തുണ്ടായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് വ്യക്തമായിരുന്നു. ജിതേന്ദ്രയാണ് ഇന്‍സ്‌പെക്ടറെ വെടിവെച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ചോദ്യം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കി. ബുലന്ദ്ഷഹര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറച്ച് പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ കലാപത്തിലാണ് സുബോധ് കുമാര്‍ കൊല്ലപ്പെടുന്നത്. പശുക്കളെ കൊലപ്പെടുത്തി എന്നാരോപിച്ച് പ്രദേശവാസികള്‍ നടത്തിയ സമരം അക്രമാസക്തമാവുകയായിരുന്നു. അക്രമികള്‍ പോലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.