മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

രോഗം മൂര്ച്ഛിച്ചതിനെത്തുടര്ന്ന് ഓഗസ്റ്റ് 9-ാം തിയതിയാണ് ജെയ്റ്റ്ലിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
 | 
മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രതിരോധമന്ത്രിയും ധനമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ശ്വസന പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. 66 വയസായിരുന്നു. ഒന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 9-ാം തിയതിയാണ് ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരാഴ്ചയിലേറെയായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2014ല്‍ രാജ്യസഭാംഗമായാണ് മോദി മന്ത്രിസഭയില്‍ ജെയ്റ്റ്‌ലി എത്തുന്നത്. ധനകാര്യമന്ത്രിയായി ചുമതലയേറ്റ ജെയ്റ്റ്‌ലി മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ പ്രതിരോധ മന്ത്രിസ്ഥാനം കൂടി കൈകാര്യം ചെയ്യുകയായിരുന്നു. കോര്‍പറേറ്റ്കാര്യം, വാര്‍ത്താവിനിമയ സംപ്രേഷണ കാര്യം എന്നിവയുടെ ചുമതലയും ജെയ്റ്റ്‌ലിക്ക് നല്‍കിയിരുന്നു. വാജ്‌പേയി സര്‍ക്കാരിലും മന്ത്രിയായിരുന്നു.

2009 മുതല്‍ 2014വരെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം. സംഗീത ജെയ്റ്റ്‌ലിയാണ് ഭാര്യ.