ആസാം പൗരത്വ രജിസ്റ്റര്‍; പൗരത്വത്തില്‍ നിന്ന് പുറത്തായവരില്‍ നിയമസഭാംഗവും

ഗുവാഹത്തി: ആസാം പൗരത്വ രജിസ്റ്ററിന്റെ അന്തിമ ലിസ്റ്റില് പുറത്തായവരില് എംഎല്‍എയും. സംസ്ഥാനത്തെ രണ്ടാമത്തെ പ്രതിപക്ഷ കക്ഷിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എംഎല്‍എയായ അനന്ത കുമാര്‍ മാലോയാണ് പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായത്. പൗരത്വ രജിസ്റ്റര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ച വെബ്‌സൈറ്റില്‍ ഇദ്ദേഹത്തിന്റെ പേര് ചേര്‍ത്തിട്ടില്ല.
ഇന്ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ 19 ലക്ഷത്തിലേറെയാളുകളാണ് പൗരത്വത്തില്‍ നിന്ന് പുറത്തായിരിക്കുന്നത്. 3.11 കോടി ആളുകള്‍ പട്ടികയില്‍ ഇടം നേടി. പൗരത്വം തെളിയിക്കാനുള്ള അവസരം ഇനിയുമുണ്ടെന്നും അവയുടെ കാലാവധി കഴിയുന്നത് വരെ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായവരെ വിദേശികള്‍ എന്ന് വിശേഷിപ്പിക്കില്ലെന്നുമാണ് കേന്ദ്രം പറയുന്നത്. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിനെതിരെ ആസാം ബിജെപി ഘടകത്തിലും എതിര്‍പ്പുകള്‍ ശക്തമാണ്.
ഫോറിനേഴ്‌സ് ട്രൈബ്യൂണലിലാണ് പട്ടികയില്‍ നിന്ന് പുറത്തായവര്‍ അപ്പീല്‍ നല്‍കേണ്ടത്. ഇതിനായുള്ള സമയ പരിധി 60 ദിവസത്തില്‍ നിന്ന് 120 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പരാതികള്‍ പരിഗണിക്കുന്നതിനായി 1000 ട്രൈബ്യൂണലുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവില്‍ 100 ട്രൈബ്യൂണലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഉടന്‍ തന്നെ 200 എണ്ണം കൂടി ആരംഭിക്കും.