അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ നാളെ; പ്രതീക്ഷയോടെ കോണ്‍ഗ്രസ്

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ചൊവ്വാഴ്ച നടക്കും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അഗ്നിപരീക്ഷയായിട്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ കാണുന്നത്. 2019ല് ആര് ഭരിക്കുമെന്നതിന്റെ സൂചകമായിട്ടാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുക. എക്സിറ്റ് പോളുകള് കോണ്ഗ്രസിനൊപ്പമാണ്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളില് വരെ കോണ്ഗ്രസ് വലിയ മുന്നേറ്റം കാഴ്ച്ചവെക്കുമെന്നാണ് റിപ്പോര്ട്ടുകള്.
 | 
അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ നാളെ; പ്രതീക്ഷയോടെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അഗ്‌നിപരീക്ഷയായിട്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ കാണുന്നത്. 2019ല്‍ ആര് ഭരിക്കുമെന്നതിന്റെ സൂചകമായിട്ടാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുക. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനൊപ്പമാണ്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് വലിയ മുന്നേറ്റം കാഴ്ച്ചവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ കാഴ്ച്ചപ്പാടില്‍ നിര്‍ണായക പങ്കുള്ളവയാണ്. വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ രാഷ്ട്രീയവല്‍ക്കരിച്ച കോണ്‍ഗ്രസിന് വലിയ മുന്നേറ്റമാണ് നിരീക്ഷകരും പ്രവചിച്ചിരിക്കുന്നത്.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ബി.ജെ.പി.യെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61-ഉം ബി.ജെ.പി.ക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര സുഖകരമല്ല ബി.ജെ.പിക്ക്. പ്രദേശിക പാര്‍ട്ടികളുമായി ഉണ്ടാക്കിയ ധാരണയും ബി.ജെ.പിയിലെ കൊഴിഞ്ഞുപോക്കും കോണ്‍ഗ്രസിന് ഗുണം ചെയ്യും. എല്ലാ സംസ്ഥാനങ്ങളിലും രാഹുല്‍ ഗാന്ധി നേരിട്ടെത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.