ബജ്‌റംഗ് ദള്‍ താജ്മഹലിലെ പള്ളിയില്‍ പൂജ നടത്തി; ശിവക്ഷേത്രമെന്ന് അവകാശവാദം

താജ്മഹലിലെ പള്ളിയില് പൂജ നടത്തി രാഷ്ട്രീയ ബജ്റംഗ് ദളിന്റെ വനിതാ വിഭാഗം. ഗംഗാ ജലവുമായി എത്തിയ മൂന്നു സ്ത്രീകളാണ് പൂജ നടത്തിയത്. താജ്മഹലിലെ പള്ളി ശിവക്ഷേത്രമാണെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു പൂജ. അതേസമയം സംഭവം വിവാദമായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
 | 
ബജ്‌റംഗ് ദള്‍ താജ്മഹലിലെ പള്ളിയില്‍ പൂജ നടത്തി; ശിവക്ഷേത്രമെന്ന് അവകാശവാദം

ആഗ്ര: താജ്മഹലിലെ പള്ളിയില്‍ പൂജ നടത്തി രാഷ്ട്രീയ ബജ്‌റംഗ് ദളിന്റെ വനിതാ വിഭാഗം. ഗംഗാ ജലവുമായി എത്തിയ മൂന്നു സ്ത്രീകളാണ് പൂജ നടത്തിയത്. താജ്മഹലിലെ പള്ളി ശിവക്ഷേത്രമാണെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു പൂജ. അതേസമയം സംഭവം വിവാദമായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഓം നമഃശിവായ എന്ന് ജപിച്ചുകൊണ്ട് പള്ളിയിലിരുന്ന് പൂജ നടത്തുന്ന ഇവരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. സുരക്ഷാ മേഖലയായ താജ്മഹലില്‍ നടന്ന പൂജ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സി.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്. അതേസമയം താജ് മഹല്‍ ശുദ്ധീകരിച്ച് ക്ഷേത്രമാക്കുമെന്ന് രാഷ്ട്രീയ ബജ്‌റംഗ് ദളിന്റെ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് മീരാ ദിവാകര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ എന്തു നടപടിയും നേരിടാന്‍ തയാറാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അതീവ സുരക്ഷാ മേഖലയായതിനാല്‍ താജ്മഹലിന്റെ ഉള്ളില്‍ തീപ്പെട്ടി പോലും കയറ്റാന്‍ അനുമതിയില്ല. അത്തരമൊരു സ്ഥലത്താണ് സ്ത്രീകളെത്തി പൂജ നടത്തിയിരിക്കുന്നത്. അതീവ ഗൗരവമേറിയ സുരക്ഷാ വീഴ്ച്ചയാണിത്. നിലവില്‍ താജ്മഹലിലെ പള്ളിയില്‍ പ്രദേശവാസികള്‍ക്ക് വെള്ളിയാഴ്ച ദിവസത്തെ ജുമാ നമസ്‌കാരത്തിന് മാത്രമേ അനുമതിയുള്ളു. നേരത്തെ മറ്റു സമയങ്ങളിലെ നിസ്‌കാരത്തിന് അനുമതിയുണ്ടായിരുന്നെങ്കിലും അടുത്തിടെ നിരോധിച്ചു.