ബാങ്ക് ലയനം; സെപ്റ്റംബര്‍ 26, 27 തിയതികളില്‍ ബാങ്ക് പണിമുടക്ക്

സെപ്റ്റംബര് 26, 27 തിയതികളില് ബാങ്ക് ജീവനക്കാര് പണിമുടക്കുന്നു.
 | 
ബാങ്ക് ലയനം; സെപ്റ്റംബര്‍ 26, 27 തിയതികളില്‍ ബാങ്ക് പണിമുടക്ക്

മുംബൈ: സെപ്റ്റംബര്‍ 26, 27 തിയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം. അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് 48 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നാല് യൂണിയനുകളുടെ ആഭിമുഖ്യത്തിലുള്ള പണിമുടക്ക് സെപ്റ്റംബര്‍ 25ന് അര്‍ദ്ധരാത്രി ആരംഭിച്ച് 27ന് അര്‍ദ്ധരാത്രി അവസാനിക്കും.

ലയന നടപടികള്‍ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെങ്കില്‍ നവംബര്‍ രണ്ടാം വാരം മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ തീരുമാനം. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി.), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ.), ഇന്ത്യന്‍ നാഷണല്‍ ഓഫീസേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ബി.ഒ.സി.), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്സ് (എന്‍.ഒ.ബി.ഒ.) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കുന്ന പദ്ധതിയുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. കടബാധ്യതയുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായി പോകുന്ന പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു വിശദീകരണം.